പറവൂർ: ഘണ്ഠകർണൻ വെളിയിലെ കൂടംകുളം വിഷ്ണു മഹേശ്വര ക്ഷേത്രത്തിൽ വൻ മോഷണം. 10 പവൻ സ്വർണാഭരണവും 6000 രൂപയും കവർന്നു. ബുധനാഴ്ച പുലർച്ച ക്ഷേത്രത്തിലെ ജീവനക്കാരനെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ശ്രീകോവിലിന് പുറത്തുള്ള ക്ഷേത്രം ഓഫിസിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഇവിടെ അലമാരിയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് എടുത്തത്. ഓഫിസിന് സമീപമുള്ള മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ക്ഷേത്രത്തിലെ പൂജാരി രവി നാരായണനെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയശേഷമാണ് മോഷണം നടത്തിയത്. തുടർന്ന് ക്ഷേത്രത്തിന് പുറത്തെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചാണ് 6000 രൂപ കവർന്നത്. മോഷണംനടന്ന വിവരം മനസ്സിലാക്കിയ ജീവനക്കാരൻ മറ്റു ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു. അവരും നാട്ടുകാരും സ്ഥലത്തെത്തിയാണ് വാതിൽ പൂട്ട് തകർത്ത് രവി നാരായണനെ പുറത്തിറക്കിയത്. വിവരമറിഞ്ഞ് പറവൂർ പൊലീസ് സ്ഥലത്തെത്തി. വിശദ പരിശോധനക്കായി ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ക്ഷേത്രത്തിലെത്തി. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.