കൊച്ചി: പുഴകളും തോടുകളുമടങ്ങുന്ന ജലാശയങ്ങൾ അപകടങ്ങൾക്ക് സാക്ഷിയാകുമ്പോൾ കണ്ണീരണിയുകയാണ് ജില്ല. മൂന്നാഴ്ചക്കിടെ 12 ജീവനുകളാണ് ഇത്തരത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ വയോധികയും പേരക്കുട്ടിയും മുങ്ങിമരിച്ചത് നാടിനെയൊന്നാകെ വിഷമത്തിലാക്കിയ സംഭവമാണ്. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി ചികിത്സയിലുമാണ്. രണ്ടാർകര നെടിയാൻമല കടവിൽ വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവമുണ്ടായത്.
മലയാറ്റൂർ തീർഥാടനത്തിനെത്തിയ മൂന്ന് യുവാക്കൾ പെരിയാറിൽ മുങ്ങിമരിച്ച സംഭവത്തിനും ജില്ല സമീപ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചു. ഒടുവിൽ ഞായറാഴ്ച കാക്കനാട് ഒരു യുവാവ് മുങ്ങി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ മൂവാറ്റുപുഴയാറിൽ കൂട്ടുകാർക്കൊപ്പം നീന്താനിറങ്ങി ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. മഴക്കാലത്ത് ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ മാത്രമല്ല, വേനലിലും ജലാശയങ്ങളിൽ പ്രത്യേക കരുതൽ വേണ്ടതുണ്ട്.
പുഴകളിൽ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നതിനാൽ കടവുകളിലെ പാറകളിലും മറ്റും വഴുക്കൽ ഉണ്ടാകും. പ്രതീക്ഷിക്കാത്ത അത്രയും ആഴവും ഒഴുക്കും പുഴകളിലുണ്ടാകുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കൂട്ടുകാരുമൊത്ത് തൊടുപുഴയാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ മടക്കത്താനം അച്ചൻകവല സ്വദേശിയായ വിദ്യാർഥി അജ്മൽ മുങ്ങി മരിച്ചിരുന്നു. പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ ചുഴലി ബാധിച്ചതോടെ പനങ്ങാട് സ്വദേശി ശനിയാഴ്ച മുങ്ങിമരിച്ച സംഭവവും ജില്ലയിലുണ്ടായി.
- ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തിൽ പോലും മുങ്ങി മരണം സംഭവിക്കാം.
- മുതിര്‍ന്നവര്‍ ഇല്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അത് ഫ്ലാറ്റിലെ സ്വിമ്മിങ് പൂള് ആയാലും ചെറിയ കുളമായാലും കടലായാലും.
- വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസില് കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.
- വെള്ളത്തില്‍ ഇറങ്ങുമ്പോൾ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക.
- വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. ആഴം ചിലപ്പോൾ പ്രതീക്ഷിക്കുന്നതിനേക്കാൾ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ, മരക്കൊമ്പിലോ അടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക് ഇറങ്ങുന്നതാണ് ശരിയായ രീതി.
- വെള്ളത്തിൽ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ ബോധ്യപ്പെടുത്തുക.
- സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.
- നേരം ഇരുട്ടിയതിന് ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ ആളുകള്‍ അധികം പോകാത്ത തടാകത്തിലോ പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്.
-മദ്യപിച്ച ശേഷം ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.