കൊച്ചി: ജില്ലയിൽ കാലപ്പഴക്കംചെന്ന 22 പാലങ്ങളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക് 2.51 കോടി അനുവദിച്ച് സർക്കാർ ഉത്തരവായി. ദുർബലമായതും അപകടഭീഷണി നേരിടുന്നതുമായ പാലങ്ങൾ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാനാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് 13.47 കോടി അനുവദിച്ചതിന്റെ ഭാഗമായാണ് ജില്ലയിലെ പാലങ്ങൾക്കും തുക ലഭിച്ചത്. ഇതിൽ വൈപ്പിൻ നിയോജക മണ്ഡലത്തിലെ എട്ട് പാലങ്ങൾക്ക് ഒരുമിച്ചാണ് 14.40 ലക്ഷം അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നിലവിലുള്ള പാലങ്ങളിൽ പകുതിയും 25-30 വർഷം പഴക്കമുള്ളവയാണ്. ഇവയിൽ എറണാകുളം ജില്ലയിലേതടക്കം 68 പാലങ്ങൾക്ക് അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്ന് കാണിച്ച് ചീഫ് എൻജിനീയർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക അനുവദിച്ചത്.
തൃപ്പൂണിത്തുറ ബ്രിഡ്ജസ് വിഭാഗത്തിന് കീഴിലെ ബ്രഹ്മപുരം പാലം - 15 ലക്ഷം
വൈപ്പിൻ മണ്ഡലത്തിലെ എട്ട് പാലങ്ങൾ - 14.40 ലക്ഷം
എറണാകുളം നോർത്ത് റെയിൽവേ മേൽപാലം - 82 ലക്ഷം
എറണാകുളം നിയോജക മണ്ഡലത്തിലെ ചിറ്റൂർ-കോതാട് പാലം - 8.42 ലക്ഷം
തൃക്കാക്കര മണ്ഡലത്തിലെ അറക്കക്കടവ് പാലം - 6.20 ലക്ഷം
തൃപ്പൂണിത്തുറ-പിറവം റോഡിലെ പിറവം പാലം - 3.50 ലക്ഷം
പിറവം മണ്ഡലത്തിൽ പാണ്ടിയംപാറ-മണീട് റോഡിലെ നെച്ചൂർ കടവ് പാലം - 7.90 ലക്ഷം
പെരുമ്പാവൂർ മണ്ഡലത്തിലെ കുഴൂർ-കുന്നക്കുരുടി പാലം - 25 ലക്ഷം
പെരുമ്പാവൂർ മണ്ഡലത്തിലെ തൊണ്ടുകടവ്, കോട്ടപ്പാലം പാലങ്ങൾ - 25 ലക്ഷം
കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ പാലം - 25 ലക്ഷം
കുന്നത്തുനാട് മണ്ഡലത്തിലെ പ്ലക്കിത്താഴം പാലം - 14 ലക്ഷം
കണ്ണങ്ങാട്ട്-വില്ലിങ്ടൺ ഐലൻഡ് പാലം - 20.90 ലക്ഷം
ചെങ്ങൽക്കടവ്, മൂഴിക്കുളം-പാറക്കടവ് പാലങ്ങൾ - 3.59 ലക്ഷം
കാക്കനാടിനെയും വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ബ്രഹ്മപുരം പാലം എം.പി. വർഗീസ് എം.എൽ.എയായിരിക്കുമ്പോഴാണ് നിർമാണം ആരംഭിച്ചത്. 2006ൽ ടി.എച്ച്. മുസ്തഫ എം.എൽ.എയായിരിക്കെ പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, ബ്രഹ്മപുരം മാലിന്യ പ്ലാൻറ് എന്നിവയെല്ലാം ബ്രഹ്മപുരം പാലത്തെ ആശ്രയിച്ചാണ്.
ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ഇൻഫോപാർക്ക്, കലക്ടറേറ്റ്, എറണാകുളം എന്നിവിടങ്ങളിലേക്ക് എളുപ്പമാർഗം കൂടിയാണ് ഈ പാലം. ഒരുവർഷം മുമ്പ് പാലം പൊളിച്ച് ഉയരംകൂട്ടാൻ ശ്രമിച്ചെങ്കിലും സമാന്തര പാലം സജ്ജീകരിച്ച ശേഷമേ പാലം നിർമിക്കാവൂവെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൊച്ചിൻ കോർപറേഷനും തൃപ്പൂണിത്തുറ നഗരസഭയും അതിർത്തി പങ്കിടുന്ന പാലമാണ് അറക്കക്കടവ്. 30 വർഷത്തിലധികം പഴക്കമുണ്ട്. തൃപ്പൂണിത്തുറ നഗരസഭയുടെ ഒന്നാം ഡിവിഷന്റെ അതിർത്തിയിലാണ് പാലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.