കൊച്ചി: എറണാകുളം പച്ചാളത്തെ ഒഴിഞ്ഞ പറമ്പില്‍നിന്ന് 40 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്ന കഞ്ചാവ് ടൗൺ നോര്‍ത്ത് പൊലീസ് സി.ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കണ്ടെടുത്തത്.
പച്ചാളം ഭാഗത്തെ പി.ജെ. ആൻറണി ഗ്രൗണ്ടിന് പിറകിലായി പണിയുന്ന ക്വീൻസ് ഗാർഡൻ വില്ലയുടെ ഭാഗത്തുനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഇവിടെ കൽപണി ചെയ്തിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മണ്ണെടുക്കാൻ എത്തിയപ്പോഴാണ് പ്ലാസ്റ്റിക് ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കിടക്കുന്നത് കണ്ടത്.
സൂപ്പർവൈസർ ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. കഞ്ചാവ് എത്തിച്ച് സൂക്ഷിച്ചത് ആരാണെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇവർക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നോർത്ത് സി.ഐ പ്രശാന്ത് ക്ലിൻറ് പറഞ്ഞു. ആളൊഴിഞ്ഞ പ്രദേശമായതിനാലും സമീപത്തൊന്നും സി.സി ടി.വി കാമറകൾ ഇല്ലാത്തതിനാലും പ്രതികളെ കണ്ടെത്തൽ ശ്രമകരമാണെന്ന് പൊലീസ് പറയുന്നു.
സാധ്യമായ എല്ലാവഴികളിലൂടെയും അന്വേഷണം നടത്തി കഞ്ചാവ് എത്തിച്ചവരെ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചിയിൽ ലഹരി പാർട്ടികളുടെ സാന്നിധ്യം ശക്തമാക്കാൻ സാധ്യതയുള്ളതിനാൽ സിറ്റി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
എറണാകുളം ഡി.സി.പിയുടെ നിർദേശപ്രകാരം നഗരത്തിൽ വ്യാപക പരിശോധനയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.