കൊച്ചി: കൊച്ചി കോർപറേഷന്റെ വെള്ളക്കരം കുടിശ്ശിക 70 കോടി. കോർപറേഷൻ പരിധിയിലെ പൊതുടാപ്പുകളിലൂടെ 2018 മുതൽ 2022വരെ കാലയളവിൽ നൽകിയ വെള്ളത്തിനാണ് ഭീമമായ കുടിശ്ശിക. 5445 പൊതുപൈപ്പുകളാണ് വാട്ടർ അതോറിറ്റി കൊച്ചി കോർപറേഷനുവേണ്ടി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ കോർപറേഷന്റെ സ്വന്തം കെട്ടിടങ്ങളിൽ നൽകിയ കണക്ഷനുകളിൽ 11 ലക്ഷം രൂപയുടെ വെള്ളക്കരം അടക്കാനുമുണ്ട്. നിരവധി തവണ കത്ത് നൽകിയിട്ടും നടപടികൾ സ്വീകരിക്കാനോ പണമടക്കാനോ കോർപറേഷൻ തയാറായിട്ടില്ലെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.
2018ന് മുമ്പുള്ള കോർപറേഷന്റെ വെള്ളക്കരം കുടിശ്ശിക പെരുകിയതോടെ ഗ്രാന്റിൽനിന്ന് പിടിച്ച് സർക്കാർ വാട്ടർ അതോറിറ്റിക്ക് നൽകുകയായിരുന്നു. വൻ കുടിശ്ശികയുള്ള സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി നിശ്ചിതകാലാവധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ കണക്ഷനുകൾ വിച്ഛേദിക്കാനാണ് ജലവിഭവ വകുപ്പിന്റെ തീരുമാനം. കോർപറേഷന് പുറമെ പൊതുമേഖല സ്ഥാപനങ്ങളും വലിയ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത്തരത്തിൽ 500ൽപരം കണക്ഷനുകളാണ് എറണാകുളത്ത് മാത്രം വിച്ഛേദിച്ചിരിക്കുന്നത്. 16 കോടിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ വ്യക്തികൾവരെ വാട്ടർ അതോറിറ്റിക്ക് നൽകാനുള്ളത്. കടമക്കുടി പഞ്ചായത്ത് മാത്രം മൂന്ന് കോടി 71 ലക്ഷം രൂപ നൽകാനുണ്ട്.
റെയിൽവേ ഒരു കോടി 22 ലക്ഷം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. മഹാരാജാസ് കോളജ് നൽകാനുള്ള 15 ലക്ഷം രൂപ ഉൾപ്പെടെ 45 ലക്ഷം രൂപയാണ് വിദ്യാഭ്യാസ വകുപ്പിന്റെ കുടിശ്ശിക. പൊലീസ് ഡിപ്പാർട്മെന്റ് 30 ലക്ഷം രൂപയാണ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. ടൂറിസം, എക്സൈസ്, അംഗൻവാടികൾ എന്നിവയും ലക്ഷങ്ങൾ അടക്കാനുണ്ട്. 215 ലക്ഷം രൂപ സർക്കാർ സ്ഥാപനങ്ങൾ മാത്രം നൽകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.