മൂവാറ്റുപുഴ: പദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയതോടെ പള്ളിച്ചിറങ്ങര ചിറ നശിക്കുന്നു. ഒരു പ്രദേശത്തിെൻറ മുഴുവൻ ജല സ്രോതസ്സായ ചിറ വേനൽ കടുത്തതോടെ പായലും മറ്റും നിറഞ്ഞ് മാലിന്യവാഹിനിയായി മാറി. മൂവാറ്റുപുഴ-പെരുമ്പാവൂർ എം.സി റോഡിലെ പള്ളിച്ചിറങ്ങരയിൽ ഒരു ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പള്ളിച്ചിറങ്ങര ചിറ കേന്ദ്രീകരിച്ച് നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്.
പദ്ധതികളൊന്നും നടന്നില്ലെന്നു മാത്രമല്ല സംരക്ഷിക്കാൻ അടിയന്തര നടപടിയില്ലെങ്കിൽ ചിറ ഇല്ലാതാകുമെന്ന അവസ്ഥയിലാണ്. എം.സി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നടക്കം മാലിന്യം പള്ളിച്ചിറയിലേക്കാണ് വലിച്ചെറിയുന്നത്.
ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും വാഹനങ്ങളിലും മറ്റുമെത്തുന്നവര്‍ ചിറയിലേക്ക് മാലിന്യമിടുന്നത് തടയാനായി ഇതുവരെ നടപടിയുണ്ടായിട്ടില്ല. നേരേത്ത നാട്ടുകാർ ചിറയിലേക്ക് മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ സ്ക്വാഡുകൾ അടക്കം രൂപവത്കരിച്ച് രംഗത്തു വന്നിരുന്നു. എന്നാൽ, ഇതെല്ലാം നിലച്ചതോടെ ചിറ മാലിന്യകേന്ദ്രമായി. ഒരു പതിറ്റാണ്ട് മുമ്പ് കെ.എച്ച്. സിദ്ദീഖ് പഞ്ചായത്ത് പ്രസിഡൻറായിരിക്കെ പള്ളിച്ചിറങ്ങര ടൂറിസം പദ്ധതി പായിപ്ര പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ചിറയില്‍ പെഡല്‍ ബോട്ടിങ്, നീന്തല്‍ പരിശീലനം, റിവോള്‍വിങ് െറസ്റ്റാറൻറ്, കുളിക്കടവുകള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കിയത്.
വേനല്‍ക്കാലത്ത് വെള്ളം വറ്റിപ്പോകുന്ന ചിറയില്‍ 12 മാസവും വെള്ളം നിലനിർത്താൻ പെരിയാര്‍വാലിയുടെ തൃക്കളത്തൂര്‍ കനാലില്‍നിന്ന് ലിഫ്റ്റ് ഇറിഗേഷന്‍ വഴി ചിറയില്‍ വെള്ളമെത്തിക്കുന്നതിനും തൃക്കളത്തൂര്‍ പാടശേഖരത്തില്‍ കിണര്‍ കുഴിച്ച് പൈപ്പ് വഴിയും വെള്ളം എത്തിക്കാനുമൊക്കെ പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ വേനൽ കാലത്ത് ചിറയിൽ വെള്ളം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ മാത്രമാണ് കഴിഞ്ഞത്.
കിണർ കുഴിച്ച് പമ്പ്സെറ്റ് സ്ഥാപിച്ച് ചിറയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈനും പൂർത്തിയാക്കി. എന്നാൽ, ഇതുവരെ ചിറയിലേക്ക് വെള്ളമെത്തിയില്ല. തുടർന്നുവന്ന ഭരണ സമിതിയുടെ താൽപര്യമില്ലായ്മയാണ് കാരണമെന്നാണ് ആരോപണം. പദ്ധതി ഉടൻ കമീഷൻ ചെയ്യുമെന്ന് പറയുന്നുെണ്ടങ്കിലും വേനൽ കനത്ത് ചിറയിൽ ജലനിരപ്പ് ഏറെ താഴ്ന്നിട്ടും ഒന്നും ഉണ്ടായില്ല.
12 മാസവും ചിറയില്‍ വെള്ളം കെട്ടിനിർത്താൻ സാധിച്ചിരുന്നെങ്കിൽ മാത്രം തൃക്കളത്തൂർ ഭാഗത്തെ രൂക്ഷമായ ശുദ്ധജലം ക്ഷാമത്തിനെങ്കിലും പരിഹാരമാകുമായിരുന്നു. കാർഷികമേഖലക്കും ഗുണകരമാകുമായിരുന്നു.
അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ പള്ളിച്ചിറങ്ങര ചിറയിലെ ജലസമൃദ്ധി ഓർമയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.