ടാങ്കർ ലോറിയിൽ ഇടിച്ചുതകർന്ന ലഹരി സംഘത്തിന്റെ കാർ
ആലുവ: ദേശീയപാതയിൽ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. കാറിൽ അപകടകരമായ രീതിയിൽ പലതവണ പാഞ്ഞ സംഘം മറ്റു വാഹനങ്ങളിലും തട്ടി. ഒടുവിൽ സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ദേശീയപാത കമ്പനിപ്പടി-ഗാരേജ് ഭാഗത്ത് തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വളരെയേറെ ശബ്ദത്തോടുകൂടിയ പോളോ കാറിലാണ് ചെറുപ്പക്കാരായ അഞ്ചംഗ സംഘം അഴിഞ്ഞാടിയത്.
ആലുവക്കും കളമശ്ശേരിക്കും ഇടയിൽ പലതവണ ഇവർ കാറിൽ അമിത വേഗത്തിൽ കറങ്ങി. മറ്റു പല വാഹനങ്ങളിലും ഇവരുടെ കാർ ഇടിച്ചു. അവസാനം എഫ്.ഐ.ടി കമ്പനിയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ടാങ്കർ ലോറിയിൽ ഇടിച്ചതോടെ ഇവരുടെ കാറിന്റെ മുൻവശം തകർന്നു.
എന്നാൽ, കാറിൽ നിന്നിറങ്ങിയ സംഘം ലഹരിയുടെ ശക്തിയിൽ റോഡിൽ അഭ്യാസം തുടരുകയായിരുന്നു. ഇതിനിടെ ഇവരുടെ വാഹനം ഇടിച്ച മറ്റൊരു വാഹനം അതുവഴി വന്നു. ഇവരുടെ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടപ്പോൾ പിറകെ വന്ന യാത്രക്കാർ ലഹരി മാഫിയയെ കൈകാര്യം ചെയ്തു. ഈ യാത്രസംഘത്തിലെ സ്ത്രീകളെ ഉപദ്രവിക്കാൻ ലഹരി സംഘം തിരിഞ്ഞതോടെ, നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടു.
അവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും എത്താൻ വൈകിയതായി ആരോപണമുണ്ട്. ഇതിനിടെ കാറിൽ ഉണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ കടന്നുകളഞ്ഞു. രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ, തൊട്ടടുത്ത സ്ഥലത്തുപോലും പൊലീസ് എത്താൻ വൈകുന്നത് പതിവാണ്. കാലങ്ങളായി ആലുവയിലും സമീപത്തും ലഹരി മാഫിയ ശക്തമാണ്. എന്നാൽ, ഇവരെ നിയന്ത്രിക്കുന്നതിലും പൊലീസ് പരാജയമാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.