കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച. ഗോകുലം കൺവെൻഷൻ സെന്ററാണ് വേദി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് പ്രധാനമായും മത്സരം നടക്കുന്നത്.
ഇടവേള ബാബു പിൻവാങ്ങിയ സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിക്കുന്നത്. നിലവിലെ പ്രസിഡന്റ് മോഹൻലാൽ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. സിദ്ദീഖ് ആയിരുന്നു ട്രഷറർ.
ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടിവ് കമ്മിറ്റി പദവികളിലേക്കും മത്സരമുണ്ട്. ജഗദീഷ്, ജയൻ ആർ. (ജയൻ ചേർത്തല), മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.
11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവർ മത്സര രംഗത്തുണ്ട്. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.