കൊച്ചി: പുതുവർഷത്തിലും കുറയാതെ ജില്ലയിൽ ലഹരിക്കേസുകൾ. പൊലീസ്, എക്സൈസ് വകുപ്പുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ലഹരിക്കേസുകളുടെ എണ്ണമാണ് വർധിക്കുന്നത്. എന്‍.ഡി.പി.എസ് അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് (ഇന്ത്യ) 1985 പ്രകാരമാണ് ലഹരി ഇടപാട് കേസുകളില്‍ സംസ്ഥാന സർക്കാറുകൾക്ക് കീഴിലുളള വിവിധ വകുപ്പുകൾ കേസെടുക്കുന്നത്. കര്‍ശന വ്യവസ്ഥകള്‍ നിയമത്തില്‍ പറയുമ്പോഴും ലഹരി ഉപയോഗത്തിന്റെയും ലഹരി മരുന്ന് വിൽപനയുടേയും കണക്കുകളിൽ കാര്യമായ കുറവ് വരുന്നില്ലെന്നതാണ് യാഥാർഥ്യം.
ഒരു വർഷത്തിനിടെ ജില്ലയിൽ ഇരുവകുപ്പുകളും ചേർന്ന് 3,500 ഓളം ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ പൊലീസിന് കീഴിൽ മാത്രമായി രണ്ടായിരത്തിലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തത്. റൂറൽ ജില്ലയിൽ കഴിഞ്ഞ സെപ്റ്റംബർ വരെയുളള കണക്ക് പ്രകാരം 1302 കേസുകളെടുത്തിട്ടുണ്ട്. എക്സൈസ് വകുപ്പിൽ 939 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2023ൽ എക്സൈസ് വകുപ്പ് ജില്ലയിലെടുത്തത് 920 കേസുകളാണ്. പൊലീസ് 1693 കേസുകളുമെടുത്തു.
പരിശോധനകളും നിയമ നടപടികളും തുടരുമ്പോഴും സിന്തറ്റിക് ലഹരിയുടെ ഹബായി ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ മാറുകയാണ്. കൗമാരക്കാരും വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന വലിയൊരു ശൃംഖലയാണ് ഇതിനടിമകളായിരിക്കുന്നത്. ഉപയോഗിക്കുന്നതിന് പുറമേ സാമ്പത്തിക ലാഭത്തിനായി കാരിയർമാരാകുന്നവരും ഏറെയാണ്. കഞ്ചാവ് മുതൽ എം.ഡി.എം.എ, ബ്രൗൺഷുഗർ, ഹെറോയിൻ, ചരസ്, ഹഷീഷ് അടക്കമുളള ഇനങ്ങളും സുലഭമാണ്. അന്തർ സംസ്ഥാനക്കാരുടെ വരവോടെ ഇവയുടെ ഒഴുക്ക് കൂടിയിട്ടുണ്ട്. കൊച്ചി നഗരത്തിന് പുറമേ, കളമശ്ശേരി, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ അടക്കമുളള പ്രദേശങ്ങളിലാണ് സിന്തറ്റിക് ലഹരി വ്യാപകം. ഇവിടങ്ങളിൽ ചില കേന്ദ്രങ്ങളിൽ ഇവയുടെ ഉൽപാദന കേന്ദ്രങ്ങളുമുണ്ടെന്നാണ് സൂചന.
ലഹരിക്കെതിരായ നിയമ നടപടികളും ബോധവത്കരണങ്ങളുമെല്ലാം പലപ്പോഴും വഴിപാടായി മാറുകയാണെന്ന ആക്ഷേപം ശക്തമാണ്. ജോലി ഭാരവും ഉദ്യോഗസ്ഥ ക്ഷാമം മൂലവും വീർപ്പുമുട്ടുകയാണ് പൊലീസ് എക്സൈസ് വകുപ്പുകൾ.
അതുകൊണ്ട് തന്നെ പെരുകുന്ന ലഹരിക്കേസുകൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ നിസ്സഹായതയാണ് പ്രകടിപ്പിക്കുന്നത്. പലപ്പോഴും പ്രത്യേക ഡ്രൈവുകളുടെ സമയങ്ങളിലുളള പരിശോധന മാത്രമായി ലഹരി വേട്ട ചുരുങ്ങുകയാണ്. ഇതോടൊപ്പം നടക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.