കൊച്ചി: തൊഴിലിനായി രജിസ്റ്റർ ചെയത് ലക്ഷങ്ങൾ കാത്തിരിക്കുമ്പോൾ മൂന്നര വർഷത്തിനിടെ ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമനം ലഭിച്ചത് എണ്ണായിരത്തോളം പേർക്ക്. 2021 ജൂൺ മുതൽ കഴിഞ്ഞ ഫെബുവരി 28വരെ നിയമനം ലഭിച്ചത് 7697 പേർക്കാണ്. ഇവയിൽ ഭൂരിപക്ഷവും ആറുമാസക്കാലാവധിയുള്ള താൽക്കാലിക നിയമനങ്ങളുമാണ്. ജില്ലയിൽ മാത്രമായി 2,23,182 പേരാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിലിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സർക്കാർ വകുപ്പുകൾക്ക് കീഴിലായി നിയമനങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തിയാണെന്നാണ് ആക്ഷേപം. പി.എസ്.സി നിയമന പരിധിയിൽ വരാത്ത സർക്കാർ വകുപ്പുകളിലെ ഒഴിവുകളിലേക്കുള്ള നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാക്കണമെന്ന് 2019 മാർച്ച് 24ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഉത്തരവ് പ്രഹസനമാക്കുന്ന നടപടിയാണ് എല്ലാ വകുപ്പും സ്വീകരിക്കുന്നത്. വിരുദ്ധമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ നടപടിയെടുക്കാൻ കാര്യമായ നിയമ വഴികളില്ലാത്തതാണ് വിനയാകുന്നത്.
വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി സീനിയോറിറ്റി ലിസ്റ്റിൽ ഇടംപിടിച്ച് തൊഴിലിനായി കാത്തിരിക്കുന്നത് ആയിരങ്ങളാണ്. മൂന്ന് വർഷം കൂടുമ്പോഴുമാണ് സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രത്യേക ലിസ്റ്റുകളാണ് തയാറാക്കുന്നത്. കൂടാതെ വർഷത്തിൽ രണ്ട് തവണ ലിസ്റ്റ് റിവ്യൂ നടത്തി അർഹരായവരെ ഉൾപ്പെടുത്തുകയും ചെയ്യും. ലിസ്റ്റ് ഉദ്യോഗാർഥികൾക്ക് പരിശോധിക്കാനുള്ള അവസരവുമുണ്ട്.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ സീനിയോറിറ്റി ലിസ്റ്റുകളിൽനിന്ന് നിയമനം ലഭിക്കുന്നവർ തുച്ഛമാണ്. 1959ലെ കമ്പൻസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ട് പ്രകാരം പി.എസ്.സി പരിധിക്ക് പുറത്ത് വരുന്ന നിയമനങ്ങൾ എംപ്ലോയ്മെന്റ് വഴിയാക്കണമെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, ഇതെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ തൊഴിൽ സ്വപ്നങ്ങളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷനുകളിൽ മാത്രമായി അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.