മട്ടാഞ്ചേരി: കൊച്ചിയുടെ അടയാളമായി വിശേഷിപ്പിക്കുന്ന തോപ്പുംപടി ഹാർബർ പാലത്തിന്റെ അടിഭാഗത്തെ ഗർഡറുകൾ താങ്ങി നിർത്തുന്ന സ്പാനുകളിൽ പലതും ജീർണിച്ച നിലയിൽ. ഗർഡറുകളിൽനിന്ന് വിട്ട നിലയിലാണ് ചില സ്പാനുകൾ. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ പാലമാണിത്. ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളാണ് പാലത്തിന്റെ അടിഭാഗത്തെ ചില ഭാഗങ്ങൾ ദ്രവിച്ച നിലയിൽ കണ്ടെത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം പ്രസിഡന്റ് ഷക്കീർ അലി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി. തുടർന്ന് പൊതുമരാമത്ത് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം എൻജിനീയർമാരായ സജീന, ലീന എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പാലം അപകടാവസ്ഥയിലല്ലെന്നും ഗർഡറുകളെ താങ്ങുന്ന ചില സ്പാനുകൾ ദ്രവിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് നേരത്തേ തന്നെ 84 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
ഭരണാനുമതി വേഗത്തിലാക്കാമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്. രണ്ടുമാസത്തിനകം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പാലത്തിന് അടിയിലൂടെ ജല അതോറിറ്റിയുടെ വലിയ കുടിവെള്ള പൈപ്പുകൾ പോകുന്നുണ്ട്. ചില പൈപ്പുകളിലെ ചോർച്ച സ്പാനുകൾ ദ്രവിക്കാൻ കാരണമായിട്ടുണ്ടെന്നും ഇക്കാര്യം സൂചിപ്പിച്ച് ജല അതോറിറ്റിക്ക് കത്ത് നൽകുമെന്നും ഇവർ പറഞ്ഞു.
റവന്യൂ അധികൃതരും എത്തി പാലത്തിൽ പരിശോധന നടത്തി. കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, തോപ്പുംപടി വില്ലേജ് ഓഫിസർ മെർവിൻ എന്നിവരാണ് പരിശോധന നടത്തി സബ് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പാലത്തിന്റെ അടിഭാഗത്തെ ഗർഡറുകളിൽ ചിലതിന് തുരുമ്പുണ്ട്. തൂണുകളിലും ജോയന്റുകളിലും വിള്ളലുകൾ ഉണ്ടെന്നും പാലത്തിന്റെ ഉപരിതലത്തിൽ കേടുപാടുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടടി വ്യാസമുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പാലത്തിന്റെ ഗർഡറുകളിലൂടെയാണ് പോകുന്നതെന്നും ഇതിന്റെ ഭാരവും പാലത്തിന്റെ ബലക്ഷയത്തിന് കാരണമായേക്കാമെന്നും റവന്യൂ അധികൃതർ പരിശോധനയിൽ കണ്ടെത്തി. പാലത്തിന്റെ തകരാറുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അതുവരെ നിലവിലെ ഗതാഗത സംവിധാനം നിലനിർത്തി വൺവേ ആക്കുകയോ അല്ലെങ്കിൽ അറ്റകുറ്റപ്പണി കഴിയുന്നതുവരെ റോഡ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയോ വേണമെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.