കൊച്ചി: കഴിഞ്ഞ ദിവസമാണ് ബി.ഒ.ടി പാലത്തിന് സമീപത്ത് നിന്ന് ചെറുവള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ശക്തമായ മിന്നലിൽ പരിക്കേറ്റത്. മഴയത്ത് മിന്നലേറ്റ് കോണത്ത് പുഴയിൽ വള്ളത്തിൽ നിന്ന് വീണ് റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ മരിച്ച സംഭവവും ഏതാനും ആഴ്ചകൾക്കുള്ളിലാണുണ്ടായത്. ജൂൺ ഒന്നിന് രാവിലെയുണ്ടായ മിന്നലിൽ പറവൂർ വഴിക്കുളങ്ങരയിൽ സ്ത്രീക്ക് പൊള്ളലേറ്റ സംഭവവുമുണ്ടായി.
സമാന സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ യുവാവ് മിന്നലേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ ഇടിമിന്നൽ മൂലം നാശനഷ്ടങ്ങളുണ്ടായി. രാവിലെയും രാത്രിയിലുമൊക്കെ മഴക്കൊപ്പം മിന്നലുണ്ടാകുന്നുണ്ട്. കരുതലും ശ്രദ്ധയുമില്ലെങ്കിൽ മിന്നൽ വലിയ അപകടത്തിന് കാരണമാകും. ജാഗ്രത നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിക്കുമ്പോൾ കരുതലോടെ പ്രവർത്തിക്കുകയാണ് ആവശ്യം. പൊതുജനങ്ങൾ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലെടുക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം.
ഇടിമിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച, കേൾവി എന്നിവ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹമില്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാല്‍ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.