ബ്ലോക്ക് പഞ്ചായത്ത് അതിർത്തി നിർണയം അശാസ്ത്രീയം; ഇനിയും പരിഹാരമായില്ല

കൊച്ചി: കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും അതിർത്തി നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കാതെ ബ്ലോക്ക് പഞ്ചായത്തുകൾ. അശാസ്ത്രീയമായ അതിർത്തി നിർണയവും പഞ്ചായത്തുകളുടെ കൂട്ടിച്ചേർക്കലുകളുമാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ വില്ലനാകുന്നത്. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഇടപെടലുകളാകട്ടെ പരിഹാരം കാണാതെ അവസാനിക്കുകയും ചെയ്തു.

ജില്ലയിൽ 14 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുമായി കോതമംഗലം (10), മൂവാറ്റുപുഴ (ഒമ്പത്), അങ്കമാലി (എട്ട്) എന്നിവയാണ് വലിപ്പത്തിൽ മുന്നിൽ. പള്ളുരുത്തി (മൂന്ന്), ഇടപ്പള്ളി, ആലങ്ങാട് (നാല്), വൈപ്പിൻ (അഞ്ച്) എന്നീ ബ്ലോക്കുകളാണ് ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ പിന്നിലുള്ളത്. ഈ വ്യത്യാസം സൃഷ്ടിക്കുന്ന അശാസ്ത്രീയതയും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാണ് ആവശ്യം.

നിലവിൽ കാക്കനാട് സ്ഥിതിചെയ്യുന്ന ഇടപ്പള്ളി ബ്ലോക്കിന് കീഴിൽ വരുന്നത് ചേരാനല്ലൂർ, കടമക്കുടി, മുളവുകാട്, എളങ്കുന്നപ്പുഴ എന്നീ പഞ്ചായത്തുകളാണ്. ഈ പഞ്ചായത്ത് നിവാസികൾക്ക് ബ്ലോക്ക് ഓഫിസിലെത്തണമെങ്കിൽ കിലോമീറ്ററുകൾ യാത്രചെയ്ത് രണ്ടിലധികം ബസുകൾ മാറിക്കയറേണ്ട സാഹചര്യമാണ്.

എളങ്കുന്നപ്പുഴ പഞ്ചായത്ത് വൈപ്പിൻ ബ്ലോക്കിലേക്കും കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകൾ ആലങ്ങാട് ബ്ലോക്കിലേക്കും മുളവുകാട് പഞ്ചായത്ത് പള്ളുരുത്തി ബ്ലോക്കിലേക്കും കൂട്ടിച്ചേർത്താൽ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമാകുമെന്ന് നേരത്തേ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.

ഇതോടൊപ്പം ഇടപ്പള്ളി ബ്ലോക്കിന് പകരമായി ജില്ലയുടെ കിഴക്കൻ മേഖലയായ പോത്താനിക്കാട് കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് രൂപവത്കരിക്കുന്നത് ഈ മേഖലയിലെ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന വിലയിരുത്തലിനും ഏറെ പഴക്കമുണ്ട്.

ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്തുകളായ കോതമംഗലം, മൂവാറ്റുപുഴ ബ്ലാക്കുകളിൽനിന്നുള്ള ആറ് പഞ്ചായത്തുകൾ പുതിയ ബ്ലോക്കിൽ വരുത്താമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.കോതമംഗലം ബ്ലോക്ക് പരിധിയിൽ വരുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട്, വാരപ്പെട്ടി, പല്ലാരിമംഗലം എന്നിവയും മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ വരുന്ന ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളും പുതിയ ബ്ലോക്കിൽ ഉൾപ്പെടുത്തിയാൽ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഗുണകരമാകുമെന്നായിരുന്നു ഇതുസംബന്ധിച്ച പഠനങ്ങളിൽ കണ്ടെത്തിയത്.

മുൻ എം.എൽ.എ എൽദോ എബ്രഹാമിന്‍റെ കാലത്ത് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.ഇത് സംബന്ധിച്ച് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയാണ് ബന്ധപ്പെട്ടവർക്കുള്ളത്.

Tags:    
News Summary - Block Panchayath demarcation is unscientific; Still not resolved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.