പറവൂർ: വടക്കേക്കര, ഏഴിക്കര പഞ്ചായത്തുകളിലെ രണ്ടു വാർഡുകളിൽ വ്യാഴാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടം മുറുകി. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇരുമുന്നണിയും നടത്തുന്നത്. വടക്കേക്കര പഞ്ചായത്തിലെ 11ാം വാർഡിൽ മുറവൻതുരുത്ത്, ഏഴിക്കരയിലെ മൂന്നാം വാർഡായ വാടക്കപുറത്ത് പ്രദേശങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മുറവൻതുരുത്തിൽ മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ ഏറ്റുമുട്ടുന്നുണ്ടെങ്കിലും എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരം. യു.ഡി.എഫ് സ്ഥാനാർഥി നിഖിത ജോബി, എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. സുനി, എൻ.ഡി.എ സ്ഥാനാർഥി ഐ.ബി. കൃഷ്ണകുമാർ എന്നിവരാണ് സ്ഥാനാർഥികൾ.
നിഖിതയുടെ പിതാവും വാർഡ് മെംബറുമായ ജോബി ഏതാനും മാസം മുമ്പ് വാഹനാപകടത്തിൽ മരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ജേണലിസം പാസായി ജോലി തേടാൻ തുനിഞ്ഞ നിഖിതയെ രാഷ്ട്രീയക്കാരിയാക്കിയത് പിതാവിന്റെ വേർപാടായിരുന്നു. എൽ.ഡി.എഫിന് സ്വാധീനമുള്ള വാർഡിൽനിന്ന് കഴിഞ്ഞ തവണ ജോബി 157 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എന്നാൽ, എൽ.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. സുനി മികച്ച പ്രചാരണ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
ഏഴിക്കരയിൽ സി.പി.എമ്മിലെ സിറ്റിങ് മെംബറായിരുന്ന കെ.എം. അനൂപ് വിദേശത്തേക്ക് പോയ ഒഴിവിലാണ് മൂന്നാം വാർഡായ വാടക്കപുറത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിലും എൽ.ഡി.എഫ്, യു.ഡി.എഫ് മത്സരമാണ് ഇവിടെയും. യു.ഡി.എഫ് സ്ഥാനാഥിയായി കോൺഗ്രസ് വാർഡ് പ്രസിഡന്റ് ടി.പി. സോമൻ, സി.പി.എമ്മിലെ അഡ്വ. എം.എസ്. നവനീത്, ബി.ജെ.പിയുടെ അജേഷ് കാട്ടകത്ത് എന്നിവരാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് നിലനിർത്താൻ ശക്തമായ പ്രചാരണമാണ് നടത്തുന്നത്.
വാർഡിനെ അനാഥമാക്കി മെംബർ നാടുവിട്ടുപോയി എന്ന പ്രചാരണത്തിന് മുൻതൂക്കം നൽകിയാണ് യു.ഡി.എഫിന്റെ പടയോട്ടം. ബി.ജെ.പി സ്ഥാനാർഥിയും പ്രചാരണ രംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.