കൊച്ചി: വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ ഒരുക്കാതെ കുടുംബസമേതം വിനോദയാത്ര ദുരിതപൂർണമാക്കിയ റിസോർട്ട് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശി റിനീഷ് രാജൻ ആലപ്പുഴയിലെ പാം ബീച്ച് റിസോർട്ടിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരന്റെ കുടുംബം ഉൾപ്പെടെ 23 അംഗ വിനോദ യാത്രാ സംഘമാണ് ആലപ്പുഴയിലെ പാം ബീച്ച് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. യാത്രാസംഘത്തിന് വിവിധ സൗകര്യങ്ങൾ ഉടമ ബുക്കിങ് സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. എട്ട് എ.സി മുറികൾ നൽകാമെന്നും ഹോട്ടലിന്റെ അടുക്കള ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം എന്നും ഉറപ്പുനൽകി. 23,000 രൂപക്ക് പാക്കേജ് സമ്മതിക്കുകയും 5000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. എന്നാൽ, 2023 ജൂണിൽ യാത്രാസംഘം എത്തിയപ്പോൾ ഏഴുമുറി മാത്രമാണ് ലഭ്യമായത്. ഇതിൽ രണ്ട് മുറിയിൽ മാത്രമാണ് എ.സി പ്രവർത്തിച്ചത്.
മുറികൾ പലതും വൃത്തിഹീനവും താമസിക്കാനാവാത്ത അവസ്ഥയിലും ആയിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. വാഗ്ദാനം ചെയ്തതുപോലെ ഭക്ഷണം പാകം ചെയ്യാനും സൗകര്യം നൽകാത്തതിനാൽ ഭക്ഷണം പുറത്തുനിന്ന് വാങ്ങേണ്ടി വന്നു. ഇക്കാര്യം പരിഗണിച്ച് തുക കുറവ് ചെയ്യാമെന്ന് എതിർകക്ഷി വാഗ്ദാനം ചെയ്തെങ്കിലും അതും നടപ്പായില്ല.
കുടുംബസമേതം ഉള്ള വിനോദയാത്ര ദുരിതപൂർണമാക്കിയ എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ െബഞ്ച് നിരീക്ഷിച്ചു. 23,750 രൂപ പരാതിക്കാരന് തിരിച്ചു നൽകാനും 10,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ കോടതി ചെലവ് ഇനത്തിലും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷിക്ക് കോടതി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.