കൊച്ചി: കൊച്ചിൻ കാൻസർ റിസർച് സെന്റർ (സി.സി.ആർ.സി) നിർമാണം എത്രയുംവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളുടെ വിശദീകരണം തേടി.
കരാർപ്രകാരം 2020ൽ പൂർത്തീകരിക്കേണ്ട സി.സി.ആർ.സി നിർമാണം ഇന്നേവരെ പൂർത്തീകരിച്ചിട്ടില്ലെന്നും നിർമാണത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ കിഫ്ബി, ഇൻകെൽ എന്നീ എതിർകക്ഷികളോട് നിർദേശിക്കണമെന്നടക്കം ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ആറുലക്ഷം ചതുരശ്ര അടിയുള്ള ആധുനിക കാൻസർ ചികിത്സ ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിനുള്ള 355 കോടിയുടെ കരാർ കിഫ്ബി മുഖേന ഇൻകൽ കമ്പനിക്കാണ് നൽകിയതെന്ന് ഹരജിയിൽ പറയുന്നു.
എന്നാൽ, ഈ കമ്പനി പി ആൻഡ് സി കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് ഉപകരാർ നൽകി. 2019ൽ നിർമാണം നടന്നുകൊണ്ടിരിക്കെ ഒരുഭാഗം പൊളിഞ്ഞുവീഴുകയും ഉദ്യോഗസ്ഥതലത്തിൽ പരിശോധന നടത്തി സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കിഫ്ബി താൽക്കാലികമായി പണി നിർത്തി വെച്ചെങ്കിലും ഇൻകെലിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
നിർമാണം ഉടൻ പൂർത്തീകരിക്കണമെന്നും നിലവിലെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ധനകാര്യ പരിശോധന വിഭാഗമായ ചീഫ് ടെക്നിക്കൽ എക്സാമിനർ പരിശോധിച്ച് സമർപ്പിക്കണമെന്നും നിർദേശിക്കണമെന്നാണ് അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.