മൂവാറ്റുപുഴ: നഗരറോഡ് വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഏറ്റെടുത്ത മുഴുവൻ സ്ഥലവും നിർമാണ പ്രവൃത്തിക്ക് ഉപയോഗിക്കുമെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
ഏറ്റെടുത്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ സ്ഥല ഉടമകളെ സഹായിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദേശപ്രകാരം നഗരത്തിലെ ടി.ബി ജങ്ഷനു സമീപത്തെ വളവുകളിൽ അടക്കം നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. നഗരത്തിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഡക്ടുകളടക്കം 20 മീറ്ററിലാണ് നിർമിക്കുക. ഇതിൽ ഡക്ടുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
ഡക്ടുകൾക്ക് പുറമേ ഉള്ള സ്ഥലങ്ങൾ കെ.എസ്.ഇ.ബി യൂട്ടിലിറ്റി സംവിധാനങ്ങൾക്കും അനുബന്ധ നിർമാണങ്ങൾക്കുമായാണ് ഉപയോഗിക്കുക. ഈ സ്ഥലങ്ങളാണ് ഡക്ടുകൾക്ക് പുറത്തായി വിട്ടിരിക്കുന്നത്. ഈ സ്ഥലങ്ങൾ പൂർണമായും നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പൊന്നുംവിലയിൽ സർക്കാർ ഏറ്റെടുത്ത ഒരിഞ്ച് സ്ഥലംപോലും സ്വകാര്യ വ്യക്തികൾ കൈയേറാൻ അനുവദിക്കില്ലെന്നും നിലവിലെ ഡി.പി.ആർ അനുസരിച്ചാണ് നിർമാണം പൂർത്തിയാക്കുകയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഇതിനിടെ, ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോൾ ഏറ്റെടുത്ത സ്ഥലങ്ങൾ മുഴുവൻ ഉപയോഗപെടുത്തണമെന്നാവശ്യപെട്ട് സി.പി.എം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദിന്റെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കളും എത്തിയിരുന്നു. ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം സജി ജോർജ്, ഫെബിൻ മൂസ തുടങ്ങിയവരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.