കൊച്ചി: കൊച്ചി കോർപറേഷനിലെ ജൈവമാലിന്യം രണ്ടു മാസത്തേക്കുകൂടി ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകും. മഴക്കാലം ആരംഭിച്ചതോടെ സ്വകാര്യ ഏജന്‍സികൾ വഴി ജൈവമാലിന്യം നീക്കുന്ന സംവിധാനം പൂർണതോതിൽ പ്രാവര്‍ത്തികമാക്കാനുള്ള കാലതാമസം പരിഗണിച്ചാണ് തീരുമാനം. കോര്‍പറേഷനിലെ മാലിന്യനിര്‍മാർജനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചര്‍ച്ച ചെയ്യാൻ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് തീരുമാനം.
പ്രതിദിനം 50 ടൺ വരെ ജൈവമാലിന്യമാകും ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുക. മുന്‍കാലങ്ങളിലേതുപോലെ മാലിന്യം നിക്ഷേപിക്കുന്നത് അനുവദിക്കില്ല. നിലവിലുള്ള ഷെഡിന്റെയും ആർ.ആർ.എഫ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണി നടത്തി മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കും. രണ്ട് മാസത്തിനുള്ളിൽ കൂടുതൽ ഏജന്‍സികളെ കണ്ടെത്തി ജൈവമാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കാൻ കോർപറേഷനെ ചുമതലപ്പെടുത്തി.
നിയമാനുസൃത മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത ഫ്ലാറ്റുകള്‍ക്ക് കനത്ത പിഴ ചുമത്തണം. പ്രതിദിനം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് 50 ടണ്ണിൽ പരിമിതപ്പെടുത്തുന്നുവെന്ന് കൊച്ചി കോർപറേഷൻ ഉറപ്പാക്കണം. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് കൃത്യമായി നിരീക്ഷിക്കണമെന്നും മന്ത്രിമാർ നിര്‍ദേശിച്ചു.
എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.ജെ. മാക്സി, ഉമ തോമസ്, മേയർ അഡ്വ. എം. അനിൽകുമാർ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി കോർപറേഷൻ സെക്രട്ടറി എം. ബാബു അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി: കൊച്ചി കോർപറേഷനുകീഴിൽ ബ്രഹ്മപുരത്ത് പുതിയ പ്ലാന്റ് രൂപകൽപന ചെയ്ത് നിർമിച്ച് പ്രവർത്തിപ്പിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ഏജൻസികളിൽനിന്നും താൽപര്യപത്രം ക്ഷണിച്ചു. നൂറുടൺ സംസ്കരണശേഷിയുള്ള പ്ലാന്റ് നിർമിക്കാനാണ് ഉദ്ദേശ്യം. താൽപര്യമുള്ള ഏജൻസികൾ 23ന് വൈകീട്ട് നാലിനകം അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു.
ബ്രഹ്മപുരത്ത് ബയോ സി.എൻ.ജി പ്ലാന്റ് സ്ഥാപിക്കുന്നതിന് ബി.പി.സി.എൽ സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതിന് കുറഞ്ഞത് രണ്ടുവർഷമെടുക്കുമെന്നാണ് കരുതുന്നത്. അതുവരെ ബദൽ സംവിധാനമായി നൂറു ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് നിർമിക്കുന്നതിന് കൗൺസിൽ തീരുമാനിച്ചിരുന്നു. ബ്രഹ്മപുരത്ത് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അമ്പലമേട്ടിലെ ബി.പി.സി.എൽ റിഫൈനറിയോട് ഏറ്റവും അടുത്തുകിടക്കുന്ന ഭാഗമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്.
കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിൽ വ്യാഴാഴ്ച ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ ചേരാനല്ലൂർ, എറണാകുളം സെൻട്രൽ, എറണാകുളം ടൗൺ നോർത്ത്, ഉദയംപേരൂർ, ഇൻഫോപാർക് സ്റ്റേഷനുകളിലും റൂറൽ പൊലീസ് പരിധിയിലെ കൂത്താട്ടുകുളം സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.