കൊച്ചി: സിനിമയില്‍ അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വിളിച്ചു വരുത്തുകയും ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവർന്നെടുക്കുകയും ചെയ്ത ദമ്പതികൾ അറസ്റ്റിൽ. തൃപ്പൂണിത്തുറ എരൂരില്‍ വാടകക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരാണ് പാലാരിവട്ടം പൊലീസിെൻറ പിടിയിലായത്. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ കൂട്ടുപ്രതി ടാക്സി ഡ്രൈവര്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ഗോകുലും ആതിരയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് വരുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. തുടർന്ന് മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന ഒന്നേകാല്‍ പവന് സ്വര്‍ണമാലയും, ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. പെണ്‍കുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളൊഴിഞ്ഞ് സ്ഥലത്ത് ഇറക്കി വിട്ടു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതികള്‍ അന്നു തന്നെ മറ്റൊരു പെണ്‍കുട്ടിയെ കൂടി സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയതായി വിവരം ലഭിച്ചത്.
വൈറ്റില ഹബ്ബില്‍ വെച്ചാണ് മറ്റൊരു പെണ്‍കുട്ടിയെ സമാനമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിച്ച് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുടെ ബാഗിലുണ്ടായിരുന്ന 20,000 രൂപ കവരുകയും ചെയ്തത്. പിന്നീട് പെൺകുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു.
എറണാകുളം എ.സി.പി. ബി. ഗോപകുമാറിെൻറ നിർദേശാനുസരണം പാലാരിവട്ടം ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ എരൂർ ഭാഗത്തുനിന്ന് പിടികൂടിയത്. എസ്.ഐമാരായ കെ.ബി. സാബു, സുരേഷ്, അനില്‍കുമാര്‍, സി.പിഒ. മാഹിന്‍, വനിത സി.പി.ഒ മാരായ സിജി വിജയന്, ബിവാത്തു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.