കൊച്ചി: കൊച്ചി നഗരത്തോട് ചേർന്ന തദ്ദേശ സ്ഥാപനങ്ങളിലെ റേഷൻ കടകളിലേക്കുള്ള വാതിൽപ്പടി വിതരണത്തിൽ താളപ്പിഴ. കണയന്നൂർ താലൂക്കിന് കീഴിൽ മൂന്നുമാസമായി വാതിൽപ്പടി വിതരണം കുത്തഴിഞ്ഞ നിലയിലാണെന്ന് റേഷൻ വ്യാപാരികൾ ആരോപിച്ചു.
താലൂക്കിന് കീഴിലെ കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, ചേരാനെല്ലൂർ, കടമക്കുടി, മുളവുകാട്, കുമ്പളം, ഉദയംപേരൂർ, ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വിതരണം വൈകിയത്.
150ലേറെ റേഷൻ കടകളാണ് ഈ മേഖലയിലുള്ളത്. മാസാവസാനമായിട്ടും പേരിന് പോലും സ്റ്റോക്ക് എത്താത്ത നിരവധി റേഷൻ കടകളുണ്ട്. സ്റ്റോക്കില്ലാത്തതിനാൽ റേഷൻ വാങ്ങാനെത്തുന്നവരിൽ നിന്ന് പഴി കേൾക്കേണ്ട ഗതികേടിലാണ് കടയുടമകൾ.
റേഷൻ കടക്കാരുടെയും ഉപഭോക്താക്കളുടെയും താൽപര്യം പരിഗണിക്കാതെ വാതിൽപ്പടി കരാറുകാരന്റെ സൗകര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥർ വിതരണ ഷെഡ്യൂൾ നിശ്ചയിച്ചതാണ് ദുരിതത്തിന് കാരണമെന്ന് വ്യാപാരികൾ ആരോപിച്ചു. കൊച്ചി സിറ്റി റേഷനിങ് ഓഫിസ്, എറണാകുളം സിറ്റി റേഷനിങ് ഓഫിസ്, കൊച്ചി താലൂക്ക് സപ്ലൈ ഓഫിസ്, കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസ് എന്നിവിടങ്ങൾക്കു കീഴിലുള്ള റേഷൻ വിതരണമെല്ലാം ഒരാൾ തന്നെയാണ് നടത്തുന്നത്.
കരാറുകാരന് വേണ്ടത്ര വിതരണ വാഹനമില്ലാത്തതും അശാസ്ത്രീയമായി വിതരണം ചെയ്യുന്നതും മൂലമാണ് മാസാവസാനമായിട്ടും പലയിടത്തും റേഷൻ ഉത്പന്നങ്ങൾ എത്തിക്കാനാവാത്തതെന്നും ഇക്കാര്യം പല തവണ ബന്ധപ്പെട്ടവരോട് പരാതിയായി ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോ. ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന റേഷനിങ് കൺട്രോളർക്കുൾപ്പെടെ ഈ വിഷയം ഉന്നയിച്ച് പരാതി നൽകിയിട്ടുണ്ട്.
നേരത്തെ വിതരണക്കുടിശിക നൽകാത്തതിനാൽ കരാറുകാരൻ വിതരണം നിർത്തിവെച്ചിരുന്നു. തുടർന്ന് കുടിശ്ശിക ഭാഗികമായി നൽകിയതിനെ തുടർന്ന് ജൂൺ 18നാണ് വിതരണം ആരംഭിച്ചത്. എന്നാൽ, ഓരോ തദ്ദേശസ്ഥാപനത്തിലും പൂർത്തീകരിച്ചേ അടുത്ത പഞ്ചായത്തിൽ വിതരണം തുടങ്ങാവൂ എന്നാണ് ചട്ടം.
ഇതൊന്നും പാലിക്കാതെ തോന്നിയപോലെ ഭാഗികമായും തൂക്കിക്കൊടുക്കാതെയുമെല്ലാം വിതരണം ചെയ്യുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, കരാറുകാരുടെ സമരം മൂലമാണ് ഈ മാസം വിതരണം വൈകിയതെന്ന് കണയന്നൂർ താലൂക്ക് സപ്ലൈ ഓഫിസർ വ്യക്തമാക്കി.
കൂടാതെ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും ലോഡ് സമയബന്ധിതമായി എത്തിക്കുന്നതിലും കയറ്റിയിറക്കുന്നതിലും കാലതാമസമുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. പലയിടത്തും സാധനങ്ങൾ എത്താത്തതിനാൽ വിതരണ കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.