കൊച്ചി: നഗരസഭയുടെ അനുമതിപത്രം പ്രദർശിപ്പിക്കാത്ത വഴിയോരക്കടകൾ എറണാകുളം നഗരത്തിൽ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഹൈകോടതി.
നഗരത്തിലെ പല പെട്ടിക്കടകളും അനുമതിപത്രം പ്രദർശിപ്പിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്.
ഇത്തരം ബങ്കുകൾ നീക്കം ചെയ്യണമെന്നും നിർദേശിച്ചു. ഇക്കാര്യം ബങ്കുടമകളുടെ സംഘടനകൾ അംഗങ്ങളെ അറിയിക്കണം. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികളിലാണ് ഉത്തരവ്.
വഴിയോരക്കച്ചവടം നടത്താനുള്ള അനുമതിപത്രത്തിന് 3202 പേർക്ക് അർഹതയുണ്ടെന്ന് നഗരസഭ പറയുമ്പോൾ അമിക്കസ് ക്യൂറിയുടെ കണക്കനുസരിച്ച് 3183 പേർക്കാണ് അർഹതയുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അർഹതയുള്ളവരുടെ അന്തിമ പട്ടിക ഫെബ്രുവരി പത്തിന് ഹാജരാക്കാൻ നഗരസഭക്ക് നിർദേശം നൽകി. അനുമതിപത്രത്തിന് അർഹതയുണ്ടെങ്കിലും ഇതിനായി സത്യവാങ്മൂലം നൽകാത്ത കച്ചവടക്കാരുടെ ലിസ്റ്റ് നഗരസഭ പ്രസിദ്ധീകരിക്കണം.
തുടർന്ന് രണ്ടാഴ്ചക്കകം ഇവർ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് റദ്ദാക്കണം. സർട്ടിഫിക്കറ്റ് വാങ്ങാത്തവരുടെ പട്ടികയും പ്രസിദ്ധീകരിക്കണം. തുടർന്ന് രണ്ടാഴ്ചക്കകം ഇവർ വാങ്ങിയില്ലെങ്കിൽ അതും റദ്ദാക്കണം.
നഗരത്തിലെ സ്ട്രീറ്റ് വെൻഡിങ് പ്ലാൻ വിജ്ഞാപനം ചെയ്യാൻ സ്വീകരിച്ച നടപടികൾ അറിയിക്കണം. ഈ വിഷയത്തിൽ പരിശോധനക്കും അവലോകനത്തിനും ചുമതലപ്പെട്ട ജാഗ്രത സമിതികൾ യോഗം ചേരുന്നില്ലെന്ന് പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി സമിതികൾ അടുത്ത രണ്ടാഴ്ചക്കകവും തുടർന്ന് കൃത്യമായ ഇടവേളകളിലും യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മേയർക്ക് നിർദേശം നൽകി. തുടർന്ന് ഹരജി ഫെബ്രുവരി പത്തിന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.