കൊച്ചി: ജില്ലയിൽ മുൻഗണന വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ മസ്റ്ററിങ് നടത്താത്തത് അരലക്ഷത്തിലേറെപ്പേർ. 53,122 പേരാണ് ജില്ലയിൽ ഇനിയും മസ്റ്ററിങ് ചെയ്യാനുള്ളത്. നിലവിൽ ഇവരുടെ റേഷൻ കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ, മാർച്ച് 31 വരെ അടിയന്തിരമായി മസ്റ്ററിങ് പൂർത്തിയാക്കാൻ അവസരമുണ്ട്. ഈ അവസരം വിനിയോഗിക്കാത്തവരുടെ ഭക്ഷ്യവിഹിതം പൂർണമായും റദ്ദാക്കാനാണ് കേന്ദ്ര തീരുമാനം. ജോലി ആവശ്യാർഥവും വിദ്യാഭ്യാസ ആവശ്യാർഥവുമെല്ലാമായി പുറംനാടുകളിൽ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ജില്ലയിൽ ആകെ 10,23,216 പേരാണ് മുൻഗണന വിഭാഗത്തിൽ റേഷൻ ഭക്ഷ്യധാന്യത്തിന് അർഹരായവർ. ഇതിൽ മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) കാർഡുകളിലായി 9,77,227പേർ ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. ആകെ 9,18,429 പിങ്ക് കാർഡുകാരും 1,04,787 മഞ്ഞക്കാർഡുകാരുമാണ് ജില്ലയിലുള്ളത്. ഇതിൽ മഞ്ഞ, പിങ്ക് കാർഡുകളിലായി 9,77,227പേർ ഇതിനകം മസ്റ്ററിങ് പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി. വിവിധ താലൂക്ക് സപ്ലൈ ഓഫിസുകൾക്ക് കീഴിൽ ഇനി പൂർത്തിയാക്കാനുള്ളത് 53,122 പേരാണ്. ആകെ 94.96 ശതമാനം പേർ പൂർത്തിയാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. മുൻഗണന കാർഡ് അംഗങ്ങളായ ഉപഭോക്താക്കളെ തിരിച്ചറിയാനായി സെപ്തംബർ മുതലാണ് ഇ.കെ.വൈ.സി മസ്റ്ററിങ് ആരംഭിച്ചത്.
കൂടുതൽ പേർ കുന്നത്തുനാട് താലൂക്കിൽ ജില്ല സപ്ലൈ ഓഫിസിന് കീഴിൽ ഒമ്പത് റേഷനിങ് ഓഫിസുകളിലായാണ് അര ലക്ഷത്തിലേറെ പേർ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കുന്നത്തുനാട് താലൂക്ക് ഓഫിസിന് കീഴിലാണ്- 10,370 പേർ. 92.7 ശതമാനം പേരാണ് ഈ മേഖലയിൽ പൂർത്തിയായത്. ഏറ്റവും കുറവ് കോതമംഗലം താലൂക്കിനു കീഴിലാണ്-2376 പേർ, ഈ മേഖലയിൽ 97.35 ശതമാനം പേരും മസ്റ്ററിങ് ചെയ്തതായാണ് കണക്കുകൾ.
ജില്ലയിൽ മുൻഗണന (പിങ്ക്, മഞ്ഞ) റേഷൻ കാർഡുകളിലെ അഞ്ചുവയസ്സിന് മേൽ പ്രായമുളള എല്ലാ അംഗങ്ങളും റേഷൻ കാർഡ് മസ്റ്ററിംഗ് ചെയ്യണമെന്ന് ജില്ല സപ്ലൈ ഓഫിസർ ടി. സഹീർ അറിയിച്ചു. മാർച്ച് 31നകം മസ്റ്ററിങ് ചെയ്തില്ലെങ്കിൽ റേഷൻ മുൻഗണന വിഹിതം നഷ്ടപ്പെടും. ചെറിയ കുട്ടികളുടെ ആധാർ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് അപ്ഡേറ്റ് ചെയ്യണം. മസ്റ്ററിങ്ങിനായി അതാത് റേഷൻ ഓഫിസുകളിൽ ബന്ധപ്പെടാം.
സിറ്റി റേഷനിങ് ഓഫിസ് എറണാകുളം: 0484 2390809
സിറ്റി റേഷനിങ് ഓഫിസ് കൊച്ചി: 0484 2222002
താലൂക്ക് സപ്ലൈ ഓഫിസ് കണയന്നൂർ: 0484 2777598
താലൂക്ക് സപ്ലൈ ഓഫിസ് കൊച്ചി: 0484 2224191
ടി.എസ്.ഒ ആലുവ: 0484 2623416
നോർത്ത് പറവൂർ: 0484 2442318
കുന്നത്തുനാട്: 0484 2523144
കോതമംഗലം: 0485 2822274
മൂവാറ്റുപുഴ: 0485 2814956
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.