കൊച്ചി: ലഹരി ഉപയോഗത്തെ തുടർന്ന് ജില്ലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം നാലു വർഷത്തിനിടെ 18000ത്തോളം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ വിവിധ ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലം മാനസിക-ആരോഗ്യസ്ഥിതി വഷളായി ചികിത്സ തേടിയവരാണിവർ. ഓരോ വർഷവും ഇവരുടെ എണ്ണത്തിൽ വർധനയാണെന്നതിന് പുറമെ സംസ്ഥാനത്ത് തന്നെ ഇക്കാര്യത്തിൽ ഒന്നാമതും ജില്ലയാണ്. ഇക്കൂട്ടത്തിൽ ആരോഗ്യസ്ഥിതി വഷളായി ചികിത്സക്കിടെ അഞ്ചുപേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ അമിത ലഹരി ഉപയോഗത്തെ തുടർന്ന് നാലു വർഷത്തിനിടെ ചികിത്സ തേടിയത് 17,163 പേരാണ്. കഴിഞ്ഞ മാർച്ച് 15 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 2021ൽ 2940 പേരും 2022ൽ 4052 പേരും 2023ൽ 4102 പേരും കഴിഞ്ഞ വർഷം 5357 പേരും ഈ വർഷം മാർച്ച് 15വരെ 712 പേരും ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയത് കഴിഞ്ഞ വർഷമാണ്. ഇക്കാലയളവിൽ ലഹരി ഉപയോഗം മൂലം ആരോഗ്യസ്ഥിതി വഷളായി ജില്ലയിൽ അഞ്ചുപേർ മരിക്കുകയും ചെയ്തു. സർക്കാർ കണക്കുകൾ പ്രകാരം 2021ൽ മൂന്ന് പേരും 2022, 2023 വർഷങ്ങളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്.
ജില്ലയിൽ ലഹരി ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വർധിക്കുമ്പോഴും ആനുപാതികമായി ചികിത്സ സൗകര്യമില്ലെന്നതാണ് ശ്രദ്ധേയമാകുന്നത്. ആരോഗ്യവകുപ്പിന് കീഴിൽ നിലവിൽ ജില്ലയിൽ ലഹരി മോചന ചികിത്സ നൽകുന്നത് എറണാകുളം, മൂവാറ്റുപുഴ ജനറൽ ആശുപത്രികളിലാണ്.
മൂവാറ്റുപുഴയിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ഇവിടങ്ങളിൽ കിടത്തിച്ചികിത്സക്ക് അടക്കം മതിയായ സൗകര്യമില്ലെന്നാണ് പരാതി. മാത്രവുമല്ല ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവുമൂലം പലപ്പോഴും ഇവിടങ്ങളിൽ ചികിത്സ മുടങ്ങുന്നതും പതിവാണ്.
ജില്ലയിൽ ലഹരി മാഫിയക്കെതിരെ ബോധവത്കരണവും നിയമ നടപടിയും കാര്യക്ഷമമാക്കാനാണ് എക്സൈസ്, പൊലീസ് വകുപ്പുകളുടെ തീരുമാനം. വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ബോധവത്കരണം കാര്യക്ഷമമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം എൻഫോഴ്സ്മെന്റ് നടപടിയും കാര്യക്ഷമമാക്കിയതോടെ ഒന്നരമാസത്തിനിടെ നൂറ്റമ്പതോളം പേരാണ് ലഹരിയുമായി വിവിധ അന്വേഷണ സംഘങ്ങളുടെ വലയിലായത്.
കാക്കനാട്: ലഹരിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനം. ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. ജില്ല സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ ‘സ്പോർട്സാണ് ലഹരി’ ആശയം മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
അവലോകന യോഗം പി.വി. ശ്രീനിജിൻ എംഎൽ.എ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തിലും ജനകീയ സമിതികൾ രൂപവത്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ പ്രചാരണം സംഘടിപ്പിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ജില്ലയിൽ ഇറിഗേഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഭൂമികൾ കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവ വൃത്തിയാക്കി കളിക്കളമായി നൽകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ഏപ്രിൽ 30വരെ ലഹരിക്കെതിരെ വലിയ കാമ്പയിൻ സംഘടിപ്പിക്കണമെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ് നിർദേശിച്ചു.
‘ലഹരിക്കെതിരെ ഒരു ഗോൾ’ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കും. കൊച്ചി കോർപറേഷൻ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.എ. ശ്രീജിത്, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.ജെ. ജേക്കബ്, സെക്രട്ടറി ടി.പി. റോയ്, മുൻ പ്രസിഡന്റ് വി.എ. സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.