കാക്കനാട്: വർഷങ്ങൾക്കു മുമ്പ് നാടിനെ ജലസമൃദ്ധമാക്കിയിരുന്ന കാക്കനാട് ഇടച്ചിറ തോട് നാശത്തിന്റെ വക്കിൽ. സ്മാർട്ട് സിറ്റിയുടെയും ഇൻഫോ പാർക്കിന്റെയും സമീപത്തുകൂടി കടമ്പ്രയാറിലേക്കെത്തുന്ന പ്രധാന കൈവഴിത്തോടാണിത്. മാലിന്യം നിറഞ്ഞും കാടുകയറിയും നാശത്തിന്റെ വക്കിലാണ് തോട്. തൃക്കാക്കര നഗരസഭയിലെ വിവിധ വാർഡുകളുടെ അരികുചേർന്നൊഴുകി പ്രദേശങ്ങളിലെ കാർഷിക അഭിവൃദ്ധിക്ക് പ്രധാന പങ്കുവഹിച്ചിരുന്ന തോടുകളിലൊന്നാണിത്.
മത്സ്യമേഖലക്കും മുതൽക്കൂട്ടായിരുന്ന തോടിൽ മാലിന്യം നിറഞ്ഞെങ്കിലും ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കുന്നില്ല. മുൻകാലങ്ങളിൽ ഇവിടെ താറാവ് വളർത്താനും മത്സ്യസമ്പത്തിനും ഉപയോഗിക്കാൻ ചെറുവഞ്ചി സൗകര്യവും ഉണ്ടായിരുന്നു. പ്രദേശത്തെ കർഷകർ അവരുടെ കാർഷിക ഉൽപന്നങ്ങൾ വള്ളങ്ങളിൽ കയറ്റി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നതും തോട്ടിലൂടെയാണ്. പിന്നീടത് നിലച്ചെങ്കിലും നാട്ടുകാർ അലക്കാനും കുളിക്കാനും ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീട് അതും നിലച്ചതോടെ തോട് നാശത്തിന്റെ വക്കിലായി.
ഇടച്ചിറ തോടിന്റെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണം കൈയേറ്റവും സംരക്ഷണമില്ലായ്മയുമാണെന്ന് നാട്ടുകാർ പറയുന്നു. ഇടച്ചിറ പാലത്തിനു സമീപത്തെ സ്വകാര്യ ഫ്ലാറ്റിന്റെയും അവരുടെതന്നെ ഹോട്ടലിന്റെയും കാർ പാർക്കിങ്ങും അനുബന്ധ സൗകര്യങ്ങളും തോടുമായി ബന്ധപ്പെട്ട സ്ഥലം കൈയേറിയായിരുന്നു. ഏറ്റവും കൂടുതൽ മാലിന്യം തോട്ടിലേക്ക് തള്ളുന്നതും സമീപ ഫ്ലാറ്റുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമാണ്. സ്വകാര്യ വ്യക്തികൾ തോടിന്റെ പല ഭാഗങ്ങളും കൈയേറി സ്വന്തം ഭൂമിയോട് ചേർത്തു. ഇതോടെ, പലയിടങ്ങളിലും തോടിന്റെ വീതി കുറഞ്ഞു. ഒട്ടേറെ പരാതി നൽകിയിട്ടും അധികൃതർ നോട്ടീസ് നൽകുകയല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കുന്നില്ല. മാലിന്യവും ചളിയും നിറഞ്ഞതോടെ തോടിൽ ദുർഗന്ധവുമുണ്ട്. വെള്ളത്തിന് കറുത്ത നിറമാണ്. മാലിന്യവും പായലും അടിഞ്ഞുകൂടി ആഴം കുറയുകയും ചെയ്തു. പായൽ നിറഞ്ഞ് ഒഴുക്കുപോലും നിലച്ചു. ശുചിമുറി മാലിന്യമുൾപ്പെടെ തള്ളുന്നത് ഇടച്ചിറ തോട്ടിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.