കൊച്ചി: ആശുപത്രിക്കിടക്കയിൽ നിന്നാണ് ശനിയാഴ്ച പറവൂർ മണ്ഡലത്തിലെ പ്രചാരണത്തിനായി എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ എത്തിയത്. വ്യാഴാഴ്ച രാത്രി മുഴുവൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. വെള്ളിയാഴ്ച പകലത്തെ പ്രചാരണത്തിനിടെ ഭക്ഷണവും മറ്റും ശരിയാവാത്തതിനെ തുടർന്ന് രക്തസമ്മർദം താഴ്ന്ന് അവശയായ ഷൈനിനെ നേതാക്കളും പ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാവിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് സമയക്രമത്തിൽ ചെറിയ മാറ്റമുണ്ടായെങ്കിലും മുമ്പ് നിശ്ചയിച്ച പ്രകാരം പ്രചാരണത്തിനിറങ്ങുകയായിരുന്നു. പറവൂർ മൂത്തകുന്നം തറയിൽ കവലയിൽ രാവിലെ 7.30നായിരുന്നു തുടങ്ങേണ്ടിയിരുന്നതെങ്കിലും ഒരു മണിക്കൂർ വൈകി എട്ടരക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തതോടെ ഔദ്യോഗിക തുടക്കമായി. 8.40 ആയപ്പോഴേക്കും സ്ഥാനാർഥിയുമെത്തി. മുഖത്തൊരൽപം ക്ഷീണമുണ്ടായിരുന്നെങ്കിലും പ്രസംഗത്തിൽ അത് കണ്ടില്ല, മാത്രമല്ല മൈക്ക് കൈയിലെടുത്തതോടെ വാക്കുകൾ പ്രസരിപ്പോടെ പുറത്തുവന്നു.
അവിടെനിന്ന് നേരെ ചെട്ടിക്കാട് എസ്.എൻ.ഡി.പിക്ക് സമീപമുള്ള സ്വീകരണത്തിൽ കണികാണും നേരം എന്ന പാട്ടിന്റെ വരികൾ പാടി കൈയടി വാങ്ങി. പിന്നീട് 9.20 ഓടെ മാല്യങ്കര കോളജിനു സമീപത്തെ സ്വീകരണ കേന്ദ്രത്തിലെത്തി. ആർട്ടിസ്റ്റായ ശ്രീജിത്ത് പൂമാലി വരച്ച ഛായാചിത്രം ഏറ്റുവാങ്ങി. കൊട്ടുവള്ളിക്കാട് കസാക് പരിസരം, മൂത്തകുന്നം പത്താംനമ്പർ അംഗൻവാടി, മടപ്ലാതുരുത്ത് വലിയപറമ്പ് എന്നിവിടങ്ങളിലൂടെ കറങ്ങി വടക്കേക്കരയിലെത്തി. മടപ്ലാതുരുത്ത് ആകാശ് ബേക്കറിക്ക് സമീപവും വാവക്കാട് ആയുര്‍വേദ ആശുപത്രിക്ക് സമീപവും വാവക്കാട് തേനത്തില്പ്പറമ്പിലും ഒറവന്തുരുത്തിലുമെല്ലാം നിരവധി പേർ സ്ഥാനാർഥിയെ കാത്തുനിൽപ്പുണ്ടായിരുന്നു. വാവക്കാടു വെച്ച് ഒരു വയസ്സുകാരി ഗാർഗി കുഞ്ഞുറോസാപ്പൂ സമ്മാനിച്ചു.
തുടർന്ന് പാല്യത്തുരുത്തിലും കുഞ്ഞിത്തൈ അംബേദ്കര്‍ ഹാള്‍ പരിസരത്തും കുഞ്ഞിത്തൈ കിഴക്കേ കോളനി പരിസരത്തും സ്വീകരണങ്ങൾ. ഏഴിക്കരയിലെ ആദ്യകേന്ദ്രമായ നടുത്തെരുവിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എസ്. ശർമ, പീടിയേക്കപ്പറമ്പിൽ സിനിമതാരം കെടാമംഗലം വിനോദ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു. പിന്നീട് മണ്ണുചിറ, കരിക്കുംപറമ്പ്, അമ്പലക്കടവ്, കാളികുളങ്ങര, ക്ഷേമോദയം, കുണ്ടേക്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ ആവേശേജ്വല സ്വീകരണം ഏറ്റുവാങ്ങി സ്ഥാനാർഥിയും കൂട്ടരും മുന്നേറി.
റോസാപ്പൂ, ബോഗൺവില്ല, കണിക്കാഴ്ചയായ കൊന്നപ്പൂ, തെച്ചിപ്പൂ, ചെണ്ടുമല്ലി, ഡാലിയ, സീനിയപ്പൂക്കൾ എന്നിങ്ങനെ വിവിധ തരം പൂക്കളും മാമ്പഴം, പഴക്കുല, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, ആപ്പിൾ, കണിവെള്ളരി, ഇളനീർ കുല, തുടങ്ങിയ ഫലവർഗങ്ങളും പുസ്തകങ്ങൾ, രക്തഹാരം, ഛായാചിത്രം, മുതൽ ചെറുപങ്കായം, ഉണക്ക ചെമ്മീൻ, തെങ്ങിൻതൈ തുടങ്ങി പലതരം ഉപഹാരങ്ങളാണ് സ്ഥാനാർഥിക്ക് പ്രിയപ്പെട്ട വോട്ടർമാർ സമ്മാനിച്ചത്.
കുരുന്നു മക്കൾ മുതൽ പ്രായമായ അമ്മൂമ്മമാർ വരെ പൂക്കളും സമ്മാനങ്ങളും നൽകി, സ്ഥാനാർഥിയെ ചേർത്തുപിടിക്കുന്നത് കാണാമായിരുന്നു. കെടാമംഗലത്ത് വെച്ച് മത്സ്യത്തൊഴിലാളികൾ തങ്ങളുടെ ജീവിതചിഹ്നമായ പങ്കായം സമ്മാനിച്ചു. ഇടറോഡുകളിലെ വീടുകളിൽ നിന്ന് സ്ഥാനാർഥി വരുന്ന വാർത്തയറിഞ്ഞ് ഓടിയെത്തുന്ന അമ്മമാരും കുട്ടികളും ഷൈനിന്റെ കണ്ണുകളിലെ തിളക്കം വർധിപ്പിച്ചു.
റോഡരികിൽ കണ്ട എല്ലാവർക്കും കൂപ്പുകൈയും അഭിവാദ്യങ്ങളും നൽകി പ്രയാണം തുടർന്നു. പടക്കം പൊട്ടിച്ചും ചെണ്ടമേളം, മുദ്രാവാക്യം തുടങ്ങിയവയുമായാണ് പല കേന്ദ്രങ്ങളും സ്ഥാനാർഥിയെ വരവേറ്റത്. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും ഹൃസ്വമായ വോട്ടുതേടൽ. ‘‘നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ എന്തെങ്കിലും മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിക്കും പോലെ, എന്നെ ഒരു മകളായി കണ്ട് ഈ ജനാധിപത്യ മത്സരത്തിൽ വിജയിയാക്കാൻ വോട്ടു നൽകണം’’- ഇങ്ങനെ പോകുന്നു സംസാരം.
ഇടുങ്ങിയ റോഡുകളും വെള്ളത്താലും പാടത്താലും ചുറ്റപ്പെട്ട വഴികളുമായിരുന്നു പ്രചാരണവഴികളിൽ ഏറെയും. സമയം തെറ്റിയെങ്കിലും എല്ലായിടത്തും എത്തുമെന്ന ദൃഢനിശ്ചയമായിരുന്നു എല്ലാവർക്കും. ഒന്നരയോടെ കടക്കര അമ്പത്തോട് കായലിനരികിലെത്തി. തുടർന്ന് കടക്കര കവല, പുളിങ്ങനാട്, കുഴിപ്പനം, ചാത്തനാട് എന്നിവിടങ്ങളിലും സ്വീകരണം. ഉച്ചതിരിഞ്ഞ് കോട്ടുവള്ളിയിലെ കൈതാരം സെന്റര്‍ ജനകീയ വായനശാലയിൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിലൂടെ കൂനമ്മാവെത്തി. തുടർന്ന് വരാപ്പുഴ തേവര്‍കാട് ജങ്ഷനിൽ തുടങ്ങി ഏറ്റവുമൊടുവിൽ മരോട്ടിച്ചുവടിൽ രാത്രി വൈകി പര്യടനം അവസാനിച്ചു. സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.ആർ. ബോസിന്റെ നേതൃത്വത്തിലായിരുന്നു പറവൂരിലെ പര്യടനം.
തീർച്ചയായും. വഴിനീളെ കാത്തുനിൽക്കുന്ന ഈ ജനക്കൂട്ടത്തിൽ എനിക്കു നല്ല വിശ്വാസമുണ്ട്. തുടർഭരണത്തിലൂടെ മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ പോസിറ്റിവായ മറുപടി വോട്ടെടുപ്പിൽ പ്രതിഫലിക്കും. മാത്രമല്ല, സി.എ.എ പോലുള്ള വിഷയങ്ങളിൽ നിലപാടു വ്യക്തമാക്കുകയും വികസനകാര്യങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തെ കൈവിടാൻ ജനത്തിനാവില്ല.
നിങ്ങൾ തന്നെ കാണുന്നുണ്ടല്ലോ, ആളുകളിൽ നിന്നുള്ള സ്നേഹപൂർവമായ ഇടപെടലുകൾ. എല്ലാവരും ഇവിടെ ഇത്തവണ ഒരു മാറ്റം വരുമെന്ന പ്രതീക്ഷയിലാണ്. സ്വീകരണകേന്ദ്രങ്ങളിലെ ആൾക്കൂട്ടം വലിയ അടയാളമാണ്. സ്ത്രീകളാണെങ്കിലും അമ്മമാരാണെങ്കിലും കുട്ടികളാണെങ്കിലും പ്രായമുള്ള സഹോദരൻമാരാണെങ്കിലും എല്ലാവരും ഉറച്ച പിന്തുണയാണ് നൽകുന്നത്.
പലതരം സംസ്കാരങ്ങളുടെയും തൊഴിൽമേഖലകളുടെയും സങ്കലനമാണ് എറണാകുളം മണ്ഡലം. അവികസിത ഗ്രാമങ്ങൾ മുതൽ മെട്രോ നഗരം വരെ, വൻകിട വ്യവസായങ്ങൾ മുതൽ ചെറിയ കൈത്തൊഴിലുകൾ വരെ.. എല്ലായിടത്തെയും സമഗ്ര വികസനമാണ് എനിക്ക് വാക്കു നൽകാനാവുന്നത്. പ്രത്യേകിച്ച് ഇന്നാട്ടിലെ കുടിവെള്ള പ്രശ്നം ഏറെക്കാലത്തെ ജനപ്രതിനിധിക്ക് പരിഹരിക്കാനായിട്ടില്ല. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, കേന്ദ്ര ഫണ്ടുകൾ കൃത്യമായി നേടിയെടുക്കുക തുടങ്ങി ഇന്നാടിനായി ചെയ്യാൻ ഒരുപാടുണ്ട്.
വനിത സ്ഥാനാർഥിയായതിനാൽ വനിതകളിൽ നിന്നുള്ള ആവേശവും സ്നേഹവും ആവോളം അനുഭവിക്കാനാവുന്നുണ്ട്. പലരും പറഞ്ഞത് ഞങ്ങളുടെ അഭിമാനം ഉയർത്തിപിടിക്കാനുള്ള വോട്ട് ടീച്ചർക്കാണെന്നാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥാനാർഥിയായി നിന്നിട്ടില്ലയെന്നേയുള്ളൂ. രണ്ടു, രണ്ടരപതിറ്റാണ്ടായി പൊതുരംഗത്തും അധ്യാപക സംഘടന രംഗത്തും സജീവമാണ്. സ്ഥാനാർഥികൾക്കായി പ്രവർത്തിക്കുകയും പ്രസംഗിക്കുകയുമെല്ലാം ചെയ്ത് നല്ല പരിചയമുണ്ട്. അതെല്ലാം വിജയത്തിലേക്കുള്ള വഴിയിൽ മുതൽക്കൂട്ടാവും.
‘‘ഷൈൻ ടീച്ചർ എെന്റ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആളാണ്, എനിക്ക് പുതുജന്മം തന്നതു ടീച്ചറാണെന്നു പറയാം. ഞാനന്ന് ഒന്നിലോ രണ്ടിലോ പഠിക്കുന്ന സമയമാണ്, ഇവിടെ അടുത്തുള്ളൊരു കുളത്തിൽ അറിയാതെ വീണുപോയി. വിവരമറിഞ്ഞ് ടീച്ചർ എന്നെ രക്ഷിക്കാൻ എടുത്തുചാടി, ബാഹുബലിയൊക്കെ ഇറങ്ങുന്നതിനും കുറേ മുമ്പ് ആ സിനിമയിലെപ്പോലെ എന്നെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് കരക്കടുപ്പിച്ചിട്ടുണ്ട്’’. ചാത്തനാട്ടെ സ്വീകരണത്തിൽ വെച്ച് ചിരിയോടെ സുനിത്ത് എന്ന യുവാവ് ഇതുപറഞ്ഞപ്പോൾ ടീച്ചറുടെയും മുൻ ശിഷ്യരായ സുനിലാൽ, ശ്രീനാഥ് തുടങ്ങിയവരുടെ ഓർമകൾ പിറകോട്ടുപോയി. കെ.ജെ. ഷൈൻ പള്ളിയാക്കൽ സെൻറ് വിൻസൻറ് എൽ.പി സ്കൂളിൽ അധ്യാപികയായിരുന്നപ്പോഴായിരുന്നു ഈ സംഭവം. സ്ഥാനാർഥിയും വിദ്യാർഥികളും അന്നത്തെ കാലത്തെ ഓർമകൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.