കൊച്ചി: സമയം വൈകീട്ട് നാലര. സൂര്യന്റെ ചൂട് ചെറുതായി കുറഞ്ഞു വരുന്നതേയുള്ളൂ. എന്നാൽ, എറണാകുളം മേനക ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാർക്കിടയിൽ വോട്ടുവർത്തമാനത്തിന് പതിയ ചൂടു കൂടിക്കൊണ്ടിരിക്കുകയാണ്. അവരുടെ പതിവുചർച്ചകളിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഗൗരവ വിഷയങ്ങൾക്കൊപ്പം തങ്ങളുടെ വ്യക്തിപരമായ പ്രതിസന്ധികളും കയറിവരുന്നുണ്ട്. എല്ലാവർക്കും പറയാനുള്ള പൊതുകാര്യം സാമ്പത്തികപ്രയാസം തന്നെയാണ്. പകലന്തിയോളം ഓടിയിട്ടും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടമാണ് എല്ലാവർക്കും. വാഹന നികുതി വർധനവിൽ വെട്ടിലായിരിക്കുകയാണ് ഓട്ടോ തൊഴിലാളികളെല്ലാം. ഏറെക്കാലമായി മേനകയിൽ ഓട്ടോ ഓടിക്കുന്ന ലത്തീഫാണ് പറഞ്ഞുതുടങ്ങിയത്. മറ്റു നാടുകളിൽനിന്ന് വന്ന് കൊച്ചിയിൽ അനധികൃതമായി ഓടിക്കുന്ന ഓൺലൈൻ ഓട്ടോകളുടെ അധിനിവേശത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് തങ്ങളെന്ന് ലത്തീഫ് ചൂണ്ടിക്കാട്ടി. സഹപ്രവർത്തകരായ പ്രമോദും കണ്ണനുമെല്ലാം ഇത് ശരിവെക്കുന്നു. ഇവിടെനിന്ന് നിയമവിരുദ്ധമായി ഓൺലൈൻ ഓട്ടോകൾ ട്രിപ്പെടുക്കുന്നതിനെതിരെ ഫ്ലക്സ് വരെ സ്ഥാപിച്ചിട്ടുണ്ട്.
നികുതി കുത്തനെ വർധിപ്പിച്ചതു മൂലം കുത്തുപാളയെടുക്കേണ്ട ഗതികേടിലാണ് എല്ലാവരും. 500 രൂപക്ക് ഡീസലോ സി.എൻ.ജിയോ ഒക്കെ അടിച്ച് രാവിലെ മുതൽ രാത്രി വരെ ഓടിച്ചാലും 1000 രൂപയൊക്കെയേ കിട്ടുന്നുള്ളൂ. ഇതിൽ വാടകവണ്ടിയാണേൽ 350 രൂപ വാടക കൊടുക്കണം, പിന്നെ മിച്ചമായി എന്താണ് കൈയിലുണ്ടാവുകയെന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് നാടിന്റെ മുക്കിലും മൂലയിലുമെത്തുന്ന രാഷ്ട്രീയക്കാർ ഇക്കാലത്തുപോലും തങ്ങളെ തിരിഞ്ഞുനോക്കാത്തതിന്റെ വിഷമവും വേദനയും പങ്കുവെക്കുകയാണ് ഈ കാക്കി യൂനിഫോമുകാർ. ഞങ്ങളുടെ പ്രശ്നങ്ങളൊന്ന് കേൾക്കാൻപോലും തയാറാവാത്തവർക്ക് എന്തിന് വോട്ട് ചെയ്യണമെന്ന് അമർഷത്തോടെ പലരും ചോദിക്കുന്നു. ഇന്ധനവില വർധനവ്, നികുതി വർധനവ്, വാടക, ഹ്രസ്വദൂര ഓട്ടങ്ങൾ, ഇൻഷുറൻസ്, മെയിൻറനൻസ്, വീട്ടുചെലവ്, ഇങ്ങനെ ബാധ്യതകളും ഒരുപാടുണ്ട്, ഇതിനിടെ വലിയ തലവേദനയാണ് തങ്ങൾക്കുകിട്ടേണ്ട ഓട്ടങ്ങൾ ഓൺലൈനുകാർ കവർന്നെടുക്കുന്നതിലെന്ന് നിത്യേന തൃപ്പൂണിത്തുറയിൽനിന്നെത്തി മേനകയിൽ ഓടിക്കുന്ന കണ്ണനും നെട്ടൂർ സ്വദേശി പി.എസ്. രൂപേഷും ചൂണ്ടിക്കാട്ടി.
കേരളത്തിലാണെങ്കിലും കേന്ദ്രത്തിലാണെങ്കിലും ഒരേ പാർട്ടി തുടർച്ചയായി ഭരിക്കുന്നത് നാടിനു ഗുണം ചെയ്യില്ലെന്നും അതിനാൽ മാറിമാറിയുള്ള ഭരണം വരണമെന്നുമാണ് പി.കെ. സാജുവിന്റെ അഭിപ്രായം. എന്തൊക്കെയാണെങ്കിലും വോട്ട് ചെയ്യുമെന്ന് തന്നെയാണ് എല്ലാവർക്കും അവസാനം പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.