കൊച്ചി: വ്യവസായ മേഖലയിൽ വമ്പൻ കുതിപ്പിനൊരുങ്ങി ജില്ല. സംസ്ഥാനത്തിെൻറ വ്യവസായ ഭൂപടത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയിൽ ഈ സാമ്പത്തിക വർഷം വൻതോതിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള നടപടികളാണ് വ്യവസായ വകുപ്പ് സ്വീകരിക്കുന്നത്.
സംസ്ഥാന സർക്കാറിെൻറ 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 14,610 സംരംഭം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സംരംഭ യൂനിറ്റുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതും ജില്ലയിലാണ്.
ലക്ഷ്യമിടുന്നത് 49,000 തൊഴിലവസരങ്ങൾ
സംരംഭകത്വ വർഷത്തോടനുബന്ധിച്ച് ഒരുലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുക എന്നതിനൊപ്പം പല ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ജില്ലയിൽ ലക്ഷ്യമിടുന്ന 14,610 പുതിയ സംരംഭം പൂർത്തിയാകുന്നതോടെ കുറഞ്ഞത് 49,000 തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്.
ഈ വർഷം പത്തിരട്ടി സംരംഭങ്ങൾ
2021-2022 സാമ്പത്തിക വർഷത്തിൽ 1308 യൂനിറ്റുകളായിരുന്നു ജില്ലയിൽ ആരംഭിച്ചത്. സംരംഭകത്വ വർഷമായി ആചരിക്കുന്ന ഇക്കുറി ഇതിെൻറ 10 ഇരട്ടി സംരംഭം പുതുതായി ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ 14.5 ശതമാനവും ജില്ലയിൽ യാഥാർഥ്യമാക്കാനാണ് അധികൃതരുടെ തീരുമാനം. കൂടുതൽ കൊച്ചി കോർപറേഷനിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരമാവധി സംരംഭകരെ സൃഷ്ടിച്ചെടുക്കുക എന്നതാണ് വ്യവസായ വകുപ്പ് ഉന്നമിടുന്നത്. ജില്ലതലത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിനും താലൂക്ക് അടിസ്ഥാനത്തിൽ താലൂക്ക് വ്യവസായ ഓഫിസുകളുമാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്.
14,610 എന്ന വലിയ ലക്ഷ്യം കോർപറേഷനും നഗരസഭകളും ഉൾപ്പെടെ ജില്ലയിലെ 96 തദ്ദേശ സ്ഥാപനങ്ങൾക്കുമായി വീതിച്ച് നൽകിയിട്ടുണ്ട്. കൊച്ചി നഗരസഭയിലാണ് ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിക്കുക. 2715 സംരംഭം പുതുതായി ആരംഭിക്കുകയാണ് ലക്ഷ്യം. 228 സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വെങ്ങോലയാണ് പഞ്ചായത്തുകളിൽ മുന്നിൽ. പോത്താനിക്കാട് പഞ്ചായത്തിൽ കുറഞ്ഞത് 46 സംരംഭമെങ്കിലും ആരംഭിക്കാനാണ് നിർദേശം. ബ്ലോക്കുകളിൽ ഏറ്റവും മുന്നിലുള്ളത് വാഴക്കുളവും രണ്ടാം സ്ഥാനത്ത് കോതമംഗലവുമാണ്. ഈ വർഷം 320 സംരംഭം ലക്ഷ്യമിടുന്ന കളമശ്ശേരിയാണ് മുനിസിപ്പാലിറ്റികളിൽ മുന്നിൽ. പിന്നിൽ നിൽക്കുന്ന കൂത്താട്ടുകുളത്ത് 79 സംരംഭം ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.