കൊച്ചി: കോവിഡുകാലം തട്ടിപ്പിന് അവസരമാക്കി വ്യാജ റിക്രൂട്ടിങ് സ്ഥാപനങ്ങൾ. കെണിയിൽപെട്ട് പണം പോയവർ നിരവധി. കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യമേഖലയിൽ നിരവധി ഒഴിവുകളാണ് ഗൾഫ് രാജ്യങ്ങളിലും യു.കെയിലുമായി ഉള്ളത്. ഇവിടേക്ക് ചെറിയതുക മുടക്കി വലിയ ശമ്പളത്തിൽ ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ വലവിരിക്കുന്നത്.
കോവിഡ് ഡ്യൂട്ടിയുടെ അമിത ജോലിഭാരത്തിനനുസരിച്ച് ശമ്പളമില്ലാതെ വിദേശജോലി മോഹവുമായി നാട്ടിൽ കഴിയുന്ന നഴ്സുമാരെയാണ് ഇവർ ചതിക്കുഴിയിൽ വീഴ്ത്തുന്നത്.
നേരേത്ത ഇത്തരം തട്ടിപ്പുഏജൻസികൾ നടത്തി പിടിക്കപ്പെട്ടവരും ഉദ്യോഗാർഥികളെ വലവിരിക്കാൻ രംഗത്തുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ പിടിയിലായ ടേക്ക് ഓഫ് എച്ച്.ആർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാേനജിങ് ഡയറക്ടർ ഫിറോസ് ഖാെൻറ സംഘത്തിലുള്ളവർ നേരേത്ത വിസ തട്ടിപ്പുകേസിൽ അറസ്റ്റിലായവരും വിവിധ സ്റ്റേഷനുകളിലായി കേസുള്ളവരുമാണ്.
കീ നോട്ട് എന്ന പേരിലായിരുന്നു നേരേത്ത ഈ സംഘം സ്ഥാപനം നടത്തിയിരുന്നത്. ഈ കേസിൽ ജാമ്യമെടുത്തിറങ്ങിയ സംഘമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. വാക്സിനേഷൻ കേന്ദ്രങ്ങളിലും മറ്റും ഒഴിവുണ്ടെന്ന് പറഞ്ഞ് നിരവധിപേരെയാണ് ഇവർ റിക്രൂട്ട് ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയത്. കോവിഡുകാലത്ത് തടസ്സംകൂടാതെ വിദേശ ജോലിക്ക് റിക്രൂട്ട്മെൻറ് നടക്കുന്നത് ആരോഗ്യമേഖലയിലാണ്. ഇത് മുന്നിൽക്കണ്ടാണ് ഇത്തരം ഏജൻസികളുടെ പ്രവർത്തനം.
ഗൾഫ് കഴിഞ്ഞാൽ ഈ മേഖലയിൽ കൂടുതൽ അവസരങ്ങളുള്ള യു.കെയിലേക്കും വ്യാജ റിക്രൂട്ട്മെൻറുകൾ നടക്കുന്നുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന ഒ.ഇ.ടി/ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന വ്യാജേനയാണ് ഇവർ ഉദ്യോഗാർഥികളെ വലവീശുന്നത്.
മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് വാങ്ങുന്നത്. യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ട്മെൻറ് മിക്കവാറും സൗജന്യമാണ്. വിസക്ക് തുക മുടക്കേണ്ടിവന്നാലും അത് തിരികെ ലഭിക്കും. ഇംഗ്ലീഷ് പ്രാവീണ്യം മാത്രമാണ് ആരോഗ്യപ്രവർത്തകർക്കുള്ള പ്രധാന നിബന്ധന. ഇതിൽ 2019ൽ ചെറിയൊരു ഇളവ് വരുത്തിയതല്ലാതെ മാറ്റം വരുത്തിയിട്ടില്ല.
ഹോം നഴ്സ് തസ്തിക വാഗ്ദാനം ചെയ്തും ഈ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെൻറുകൾ നടക്കുന്നുണ്ട്. വിശ്വാസ്യതക്ക് മുദ്രപ്പത്രത്തിൽ കരാറെഴുതിയാണ് പണം ഈടാക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രവർത്തിക്കുന്ന ഇത്തരം റിക്രൂട്ടിങ് സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്നും നേരേത്ത സമാന കേസിലുൾപ്പെട്ടവർ വീണ്ടും ഇത്തരം തട്ടിപ്പുമായി ഇറങ്ങുന്നത് തടയണമെന്നും ആവശ്യമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.