കൊച്ചി: നന്നായൊന്ന് മഴ പെയ്താൽ വെള്ളപ്പൊക്കത്തെ പേടിച്ച് കഴിയേണ്ടി വരുന്ന അവസ്ഥയിൽനിന്ന് കൊച്ചി നഗരത്തിലെ പി ആൻഡ് ടി കോളനിക്കാർക്ക് മോചനം. ഇവരുടെ പുനരധിവാസത്തിന് ജി.സി.ഡി.എയും ലൈഫ് മിഷനും ചേർന്ന് തോപ്പുംപടി മുണ്ടംവേലിയിൽ നിർമിച്ച ഭവനപദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.
മുണ്ടംവേലിയിലെ ജി.സി.ഡി.എയുടെ 70 സെന്റ് ഭൂമിയിൽ 14.61 കോടി രൂപ ചെലവിട്ടാണ് ഫ്ലാറ്റ് സമുച്ചയം പണിതത്. പി ആൻഡ് ടി കോളനിയിലുള്ള 83 കുടുംബങ്ങൾക്കുവേണ്ടി 83 യൂനിറ്റുകളാണ് ഫ്ലാറ്റിലൊരുക്കിയിട്ടുള്ളതെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ളയും കോർപറേഷൻ മേയർ എം. അനിൽകുമാറും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വർഷങ്ങളായി വെള്ളക്കെട്ടും ദുരിതവും പേറി ജീവിക്കുന്ന പി ആൻഡ് ടി കോളനിവാസികൾക്ക് സ്വന്തമായി സുരക്ഷിതഭവനമെന്ന ദീർഘകാലസ്വപ്നമാണ് യാഥാർഥ്യമാകുന്നത്. തേവര-പേരണ്ടൂർ കനാലിൽനിന്ന് കവിഞ്ഞൊഴുകുന്ന അഴുക്കുവെള്ളക്കെട്ടിലായിരുന്നു മഴക്കാലത്ത് കോളനിയിലെ നൂറുകണക്കിനാളുകൾ ജീവിച്ചിരുന്നത്.
പി.എം.എ.വൈ ഫണ്ടായ 1.23 കോടി, സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ ഫണ്ടായ 9.03 കോടി, സി.എസ്.എം.എൽ ഫണ്ടായ 4.86 കോടി എന്നിങ്ങനെയാണ് പദ്ധതിക്കായി ചെലവഴിച്ച തുക. 2018ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഭവനപദ്ധതിക്ക് കല്ലിട്ടത്. തൃശൂർ ജില്ല ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി (ടി.ഡി.എൽ.സി.സി.എസ്) ആണ് നിർമാണം നടത്തിയത്. പ്രീ ഫാബ് എൻജിനീയറിങ് സാങ്കേതികവിദ്യയിൽ നാലു നിലയിലായി ഒരുക്കിയ രണ്ട് ബ്ലോക്കാണ് ഭവനസമുച്ചയത്തിലുള്ളത്.
രണ്ട് കിടപ്പുമുറി, ഡൈനിങ് റൂം, അടുക്കള, ഒരു ശുചിമുറി എന്നിവയുള്ള ഓരോ അപ്പാർട്ട്മെന്റിനും 374 ചതുരശ്രയടിയാണ് വിസ്തീർണം. ഒരു വിശ്രമ-വിനോദമുറി, ഡേ കെയർ സെന്റർ, അഡ്മിനിസ്ട്രേഷൻ റൂം, റീഡിങ് റൂം, മഴവെള്ള സംഭരണി, കുടിവെള്ള സംവിധാനം, അഗ്നിരക്ഷാ സംവിധാനം എന്നിവ പൊതുവായി ഉണ്ടാകും. പുനരധിവസിപ്പിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക നേരത്തേ കോർപറേഷൻ തയാറാക്കിയിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി. കൈയേറ്റങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കോളനിക്കാരെ മാറ്റിപ്പാർപ്പിച്ചശേഷം പി ആൻഡ് ടി കോളനി പ്രദേശം ഇടിച്ചുനിരത്തി സംരക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് ഫ്ലാറ്റുകളുടെ സമീപത്തെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ എം. അനിൽകുമാർ താക്കോൽ കൈമാറും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. നിലവിൽ താക്കോൽ കൈമാറ്റം നടക്കുമെങ്കിലും രണ്ടാഴ്ചക്കുള്ളിലാണ് കോളനിക്കാരെ ഇങ്ങോട്ട് മാറ്റിപ്പാർപ്പിക്കുക. കുടിവെള്ള കണക്ഷൻ, ചുറ്റുമതിൽ നിർമാണം തുടങ്ങിയ അന്തിമഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.