കൊച്ചി: കോവിഡ് പ്രതിരോധ സാമഗ്രികൾക്ക് സംസ്ഥാനത്ത് വില നിയന്ത്രണം കർശനമാക്കിയതിനു പിന്നാലെ വ്യാജവും നിലവാരം കുറഞ്ഞതുമായ ഉപകരണങ്ങൾ വ്യാപകമാകുന്നു. ഇതുമൂലം ആരോഗ്യപ്രവർത്തകർക്കും സാധാരണക്കാർക്കും ആരോഗ്യപ്രശ്നങ്ങളും മെഡിക്കൽ ഷോപ്പ് ഉടമകൾക്ക് സാമ്പത്തികനഷ്ടവും ഉൾെപ്പടെ പലവിധ ബുദ്ധിമുട്ടാണ് നേരിടുന്നത്. അംഗീകൃത മെഡിക്കൽ ഷോപ്പുകളിലൂടെയും ഫാർമസികളിലൂടെയും വിലനിയന്ത്രണത്തിനു വിധേയമായി വിൽക്കുന്ന എൻ 95 മാസ്ക്, സർജിക്കൽ മാസ്ക്, പി.പി.ഇ കിറ്റ്, ഓക്സിജൻ സിലിണ്ടർ തുടങ്ങിയവക്കു പുറമെ സാധാരണ കടകളിലും മറ്റും വില കുറഞ്ഞ സാധനങ്ങൾ വിൽക്കുന്നുണ്ട്.
പൊലീസ്, ലീഗൽ മെട്രോളജി തുടങ്ങിയ വകുപ്പുകൾ വിലനിയന്ത്രണം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെങ്കിലും ഇവരൊന്നും മെഡിക്കൽ ഷോപ്പുകളല്ലാതെ മറ്റുകടകളിൽ പരിശോധിക്കാറില്ലെന്നാണ് ഔഷധ വ്യാപാരികളുടെ പരാതി. സ്റ്റേഷനറി കടകളിലും തുണിക്കടകളിലും മാത്രമല്ല, വാഹനങ്ങളിൽ കൊണ്ടുനടന്നും വാട്സ്ആപ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയുമെല്ലാം ഇത്തരം ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ ധാരാളമായി വിറ്റഴിയുന്നുണ്ട്.
തിരുപ്പൂർ, ഡൽഹി തുടങ്ങിയ ഇടങ്ങളിൽനിന്നാണ് വിലയും ഗുണമേന്മയും കുറഞ്ഞ സാധനങ്ങളേറെയും സംസ്ഥാനത്ത് എത്തുന്നത്. പഴയ പ്ലാസ്റ്റിക് കുപ്പികളും മറ്റും പുനഃചംക്രമണം ചെയ്താണ് അനധികൃതമായി പിപി.ഇ കിറ്റ് ഉൾെപ്പടെ നിർമിക്കുന്നത്. കീറിയ കിറ്റുപോലും ആരോഗ്യപ്രവർത്തകർക്ക് കിട്ടുന്നുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്കുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് സർട്ടിഫിക്കേഷെൻറ (നിയോഷ്) അംഗീകാരമുള്ള എൻ 95 മാസ്കുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നിരിക്കേ ഗുണനിലവാരവും സുരക്ഷയും ഒട്ടുമില്ലാത്ത മാസ്കുകൾ ധാരാളമായി എൻ95 എന്ന പേരിൽ എത്തുന്നുണ്ട്. പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ തുടങ്ങിയവയിലും വ്യാജന്മാർ ഏറെയുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ വില നിയന്ത്രണമില്ലാത്തതിനാൽ കേരളത്തിലേക്ക് പ്രതിരോധ സാമഗ്രികൾ കയറ്റി അയക്കാത്ത സ്ഥിതിയുമുണ്ട്. അംഗീകൃത നിർമാതാക്കളിൽനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങി, സംസ്ഥാനത്തെ വിലനിയന്ത്രണത്തിെൻറ അടിസ്ഥാനത്തിൽ കുറഞ്ഞ വിലയ്ക്ക് നൽകുന്നതുമൂലം വ്യാപാരികൾ കനത്ത നഷ്ടം നേരിടുകയാണ്.
വില നിയന്ത്രണം പ്രഖ്യാപിക്കുന്നതിനു മുമ്പ് ഔഷധ വ്യാപാരികളുടെയും സർജിക്കൽ ഡീലർമാരുടെയും സംഘടനകളുമായോ വിദഗ്ധരുമായോ ഒന്നും ചർച്ച നടത്തിയിട്ടില്ലെന്നും ഇത്തരത്തിൽ കൂടിയാലോചന നടത്തിയിരുന്നെങ്കിൽ മുൻകരുതൽ എടുക്കാമായിരുന്നുവെന്നും ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോ. സംസ്ഥാന പ്രസിഡൻറ് എ.എൻ. മോഹൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.