വിബിൻ ബിജു, ജിനോയ് ജേക്കബ്, ആലീഫ്, മുഹമ്മദ് ഫൈസൽ
ആലുവ: ബാർ ജീവനക്കാരന്റെ കഴുത്തിൽ കത്തിവച്ച് കവർച്ച നടത്തിയ കേസിൽ നാല് പേർ പിടിയിൽ. ഇടുക്കി തങ്കമണി വലിയപറമ്പിൽ വിബിൻ ബിജു (22),ആലുവ ആലങ്ങാട് മൂഞ്ഞാറ വീട്ടിൽ ജിനോയ് ജേക്കബ് (33), തൃശൂർ വെള്ളിക്കുളങ്ങര തോട്ടുങ്ങൽ വീട്ടിൽ ആലീഫ് (24), ആലപ്പുഴ മുതുകുളം സഫ മൻസിലിൽ മുഹമ്മദ് ഫൈസൽ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 16ന് പുലർച്ചെ രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂരിലെ വീട്ടിൽനിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്നു ബാർ ജീവനക്കാരൻ ശ്രീജേഷ്. ഓവർ ബ്രിഡ്ജിനടിയിലെ റെയിൽവേ ട്രാക്കിൽ വച്ച് കവർച്ച സംഘം കഴുത്തിലും വായിലും കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്ന് കടന്നുകളഞ്ഞു.
പരാതി ലഭിച്ചയുടനെ പ്രത്യേക ടീം രുപവത്കരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. നിരവധി സി.സി.ടി.വി കാമറകൾ പരിശോധിച്ചു. മണപ്പുറം ഭാഗം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിബിൻ ബിജുവിനെതിരെ മുളന്തുരുത്തി, എറണാകുളം നോർത്ത്, ചോറ്റാനിക്കര, കുന്നംകുളം എന്നീ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ജിനോയ് ജേക്കബിനെതിരെ എറണാകുളം സൗത്ത്, സെൻട്രൽ, അരൂർ, കണ്ണമാലി, മരട്, ഷൊർണൂർ സ്റ്റേഷനുകളിൽ കേസുകളുണ്ട്. ആലിഫിനെതിരെ വെള്ളിക്കുളങ്ങര, പാലാരിവട്ടം, സെൻട്രൽ എന്നീ സ്റ്റേഷനുകളിലും മുഹമ്മദ് ഫൈസലിനെതിരെ ഷൊർണൂർ സ്റ്റേഷനിലും കേസുകളുണ്ട്. കവർച്ച നടത്തിയ ഫോൺ കണ്ടെടുത്തു.
ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐ കെ. നന്ദകുമാർ, സീനിയർ സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്, മേരി ദാസ്, പി.ആർ. ശ്രീരാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.