കൊച്ചി: ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 151 പേർ പുതുതായി പോസിറ്റിവായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ഏകദേശം 170 മുതൽ 180 വരെ എച്ച്.ഐ.വി പോസിറ്റിവ് പരിശോധന ഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.
പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനുള്ള നടപടികളിലാണ് അധികൃതർ. എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയവക്കായി ജില്ലയിൽ 15 ജ്യോതിസ് (ഐ.സി.ടി.സി) കേന്ദ്രങ്ങൾ, 41 ഫെസിലിറ്റി ഇൻറഗ്രേറ്റഡ് കൗൺസലിങ് ആൻഡ് ടെസ്റ്റിങ് സെൻററുകൾ, എട്ട് ടാർഗറ്റഡ് ഇൻറർവെൻഷൻ പ്രോജക്ട് സുരക്ഷ കേന്ദ്രങ്ങൾ, രണ്ടുവീതം പുലരി, ഉഷസ് കേന്ദ്രങ്ങൾ, മൂന്ന് ഒപോയിഡ് സബ്സ്റ്റിറ്റ്യൂഷൻ തെറാപ്പി സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. എറണാകുളം മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും ഉഷസ് കേന്ദ്രങ്ങളുണ്ട്.
ലൈംഗികത്തൊഴിലാളികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാർ, ട്രാൻസ്ജെൻഡർമാർ എന്നിവരിൽ എച്ച്.ഐ.വി അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.
എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനായി പരിശോധനകളുടെ എണ്ണം വർധിപ്പിക്കുകയാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ലോക എയ്ഡ്സ് ദിനാചരണ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് 5.30ന് ജില്ല ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മറൈൻഡ്രൈവിലെ അബ്ദുൽകലാം മാർഗിൽ മെഴുകുതിരികൾ തെളിച്ച് ബോധവത്കരണ പരിപാടികൾക്ക് തുടക്കമിടും. ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ നടത്തും.
രാവിലെ 10.30ന് കാലടി സർവകലാശാല രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഡി.എം.ഒ കെ. സക്കീന അധ്യക്ഷത വഹിക്കും. വിവിധ ബോധവത്കരണ പരിപാടികളും അരങ്ങേറും. ആളുകൾ സ്വയംപരിശോധനക്ക് മുന്നോട്ടുവരണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.