കൊച്ചി: നഗരത്തിലെ മയക്കുമരുന്ന് വിൽപനക്കാരായ ‘മിന്നൽ മച്ചാനും’ മൂന്ന് കൂട്ടാളികളും എം.ഡി.എം.എയുമായി എക്സൈസ് പിടിയിൽ. ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന കാസർകോട് തൃക്കരിപ്പൂർ നിലംബം വടക്കയിൽ വീട്ടിൽ ഷാൻ മുഹമ്മദ് (27), ഇടുക്കി ഉടുമ്പഞ്ചോല താലൂക്കിൽ കാറ്റാടിക്കവല നാട്ടുവാതിൽ വീട്ടിൽ നന്ദു എസ്. ആനന്ദ് (മിന്നൽ മച്ചാൻ-24), മൂവാറ്റുപുഴ വെള്ളൂർക്കുന്നം പുളിഞ്ചോട് കണിപ്ലാക്കൽ വീട്ടിൽ ആലിഫ് മുഹമ്മദ് (26), തൃശൂർ വൈലത്തൂർ തലക്കോട്ടൂർ വീട്ടിൽ ഫിനു(26) എന്നിവരാണ് സിറ്റി എക്സൈസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 17 ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു.
എറണാകുളം ഇന്റലിജൻസ് വിഭാഗത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് ഷാൻ മുഹമ്മദ് എം.ഡി.എം.എയുമായി പിടിയിലായത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൻ സംഘത്തെ വലയിലാക്കിയത്. 12 ലക്ഷം വിലവരുന്ന ആഡംബര ബൈക്കിൽ കറങ്ങി നടന്ന് മയക്കുമരുന്ന് കൈമാറി ശരവേഗത്തിൽ കുതിച്ച് പായുന്ന നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം എന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണിവർ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് പരിസരത്ത് നിന്നും മയക്കുമരുന്നുമായി ഫിനു, നന്ദു എന്നിവരെയും ഒബ്റോൺ മാളിന് സമീപത്തുനിന്നും ആലിഫിനെയും പിടികൂടിയത്.
ലഹരിയിലായിരുന്ന ഇവരെ നാട്ടുകാരുടെ കൂടി സഹായത്തിൽ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്. മയക്കുമരുന്ന് വിതരണത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് ബൈക്കുകളും പിടിച്ചെടുത്തു. സ്പെഷൽ മെക്സിക്കൻ മെത്ത് എന്ന വ്യാജേന ഗ്രാമിന് 4000 മുതൽ 6000 രൂപ വരെയുള്ള നിരക്കിലാണ് ഇവർ എം.ഡി.എം.എ വിറ്റിരുന്നത്. പിടിയിലായശേഷവും നിരവധി പേർ ഇവരുടെ മൊബൈലുകളിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് വിളിച്ചിട്ടുണ്ട്.
പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളും ഉറവിടവും അന്വേഷിച്ച് കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു. എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, ഇൻറലിജൻസ് പ്രിവൻറീവ് ഓഫിസർ എൻ.ജി. അജിത് കുമാർ, എസ്. സുരേഷ് കുമാർ സിറ്റി മെട്രോ ഷാഡോയിലെ സി.ഇ.ഒ എൻ.ഡി. ടോമി, സി.ഇ.ഒ ഫ്രെഡി െഫർണാണ്ടസ്, എ. സിയാദ്, ഡി.ജി. ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.