കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ അസി. മാനേജർമാരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയിൽ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പ്രമോഷൻ നടത്തണമെന്ന വിധി നടപ്പാക്കുമോയെന്ന് അറിയിക്കാൻ ഹൈകോടതി നിർദേശം. നിലവിലെ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഇതിനായി ഹരജിയിൽ സ്വമേധയാ കക്ഷിചേർത്തു. വിധി നടപ്പാക്കുന്നില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
മാനേജർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് റെഗുലേഷൻസ് അനുസരിച്ച് മാനേജിങ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ഇതിന് വിരുദ്ധമായി സ്ഥാനക്കയറ്റം നിശ്ചയിക്കാൻ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വകുപ്പുതല പ്രമോഷൻ കമ്മിറ്റിക്ക് രൂപംനൽകിയതിനെതിരെ അസി. മാനേജർമാരായ കെ.എസ്. മായാദേവി, എം. രാധ, ബിന്ദു ലത മേനോൻ എന്നിവരാണ് ഹരജി നൽകിയത്.
ഇതിൽ മാനേജിങ് കമ്മിറ്റിയോട് പ്രമോഷൻ തീരുമാനിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. പ്രമോഷൻ തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് വിലയിരുത്തി ദേവസ്വം മാനേജിങ് കമ്മിറ്റി ഇത് നടപ്പാക്കാൻ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഇത് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹരജിയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.