കൊച്ചി: എം.ജി റോഡിലെ കാനകളുടെ നിലവിലെ അവസ്ഥ തുടർന്നാൽ മഴ ശക്തമാകുന്നതോടെ കാൽനടക്കാർ അപകടത്തിൽപെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഹൈകോടതി.
ഈ നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കാൻ കഴിയുംവിധം രണ്ടാഴ്ചക്കകം ഇവ നന്നാക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. തുറന്നുകിടക്കുന്ന കാനകൾ സ്ലാബിട്ട് മൂടി ടൈൽ വിരിക്കണം. ഇതിനുമുമ്പ് കാനകളെല്ലാം വൃത്തിയാക്കിയെന്ന് കോർപറേഷൻ ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. മൺസൂൺ അടുത്തെത്തിയ സാഹചര്യത്തിൽ എം.ജി റോഡിലെ തകർന്ന കാനകൾ ആശങ്കക്ക് കാരണമാകുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ നേരത്തേ എം.ജി റോഡിലെ നടപ്പാതകൾ ടൈലുകൾ പാകി സഞ്ചാരയോഗ്യമാക്കിയതാണ്. എന്നാൽ, കാന വൃത്തിയാക്കാൻ നഗരസഭ ഇവ പൊളിച്ചതോടെ നടപ്പാതകൾ അപകടാവസ്ഥയിലായി.
ഈ കാനകളിൽ വീണ് ആളുകൾക്ക് പരിക്കേൽക്കുന്നതോ ജീവഹാനി സംഭവിക്കുന്നതോ ചിന്തിക്കാൻ പോലുമാവില്ല. എന്നാൽ, ഇതേ സ്ഥിതി തുടരാൻ അനുവദിച്ചാൽ അതും പ്രതീക്ഷിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണിച്ചത്. എം.ജി റോഡിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ പൊതുമരാമത്ത് അധികൃതർ പരിശോധന നടത്തിയശേഷം വേണം നടപടികൾ സ്വീകരിക്കാനെന്ന് കോടതി നിർദേശിച്ചു. നഗരസഭ സെക്രട്ടറിയും എൻജിനീയർമാരും ആവശ്യമായ സഹായം നൽകണം. നിശ്ചിത സമയത്തിനകം കാനകൾ വൃത്തിയാക്കുന്ന ജോലി പൂർത്തിയാക്കുന്നുണ്ടെന്ന് നഗരസഭ ഉറപ്പുവരുത്തണം.
അമിക്കസ് ക്യൂറിമാരുടെ നിരീക്ഷണവും ഉണ്ടാകണം. നടപ്പാതകൾ പൊളിച്ചത് നഗരസഭയാണെങ്കിലും അവ പൂർവസ്ഥിതിയിലാക്കേണ്ടത് തങ്ങളാണെന്ന പൊതുമരാമത്ത് വകുപ്പിന്റെ വാദം നഗരസഭയും ശരിെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.