കൊച്ചി: നാൾക്കുനാൾ അന്തരീക്ഷ താപനില വർധിക്കുന്നു, വെയിലത്ത് പുറത്തിറങ്ങാൻ മടിക്കുകയാണ് ജനം. രാവിലെ ഒമ്പതുകഴിയുമ്പോഴേ അന്തരീക്ഷത്തിനു ചൂടുതുടങ്ങും. മണിക്കൂറുകൾ പിന്നിടുമ്പോൾ കൊടുംവെയിലിൽ പൊള്ളാനും തുടങ്ങും. മഴക്കാലമെത്താൻ ഇനിയും ആഴ്ചകൾ പിന്നിടണമല്ലോ എന്നോർക്കുമ്പോഴേ ആളുകൾ വിയർത്തുകുളിക്കുകയാണ്. പുറത്തിറങ്ങുക, ജോലി ചെയ്യുക തുടങ്ങിയവ അനിവാര്യമായ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങളിൽ പരമാവധി കരുതലും ശ്രദ്ധയും വേണ്ടതുണ്ട്.
ഭക്ഷണരീതിയിൽ മാറ്റം വരുത്താം
അന്തരീക്ഷത്തിലെ ചൂടു കൂടുന്നതിനനുസരിച്ച് ശരീരത്തിലെ താപനിലയും കൂടും. അതിനാൽതന്നെ ശരീരത്തിനകവും പുറവും തണുപ്പിക്കുകയെന്നത് പ്രധാനം. ധാരാളം വെള്ളം കുടിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം കുറയുന്നതിനനുസരിച്ച് നിർജലീകരണം സംഭവിക്കുകയും അത് പലവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
വെള്ളം മാത്രമല്ല, ജലാംശം ഉള്ള ഫലവർഗങ്ങളും പച്ചക്കറികളുമെല്ലാം നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ശരീരത്തിന് ആരോഗ്യദായകമാണ്. ഓറഞ്ച്, മുന്തിരി, തണ്ണിമത്തൻ, കക്കിരി, ഇളനീർ, ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയവ ഇതിൽ ചിലതാണ്. കൂടാതെ പച്ചക്കറികൾകൊണ്ട് സാലഡ് ഉൾപ്പെടെ ഉണ്ടാക്കി കഴിക്കാം.
ചൂടുകാലത്ത് പുറത്തുനിന്ന് കിട്ടുന്ന വെള്ളം ശ്രദ്ധയില്ലാതെ കുടിക്കുന്നത് അപകടകരമാണ്. എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ജീരകവെള്ളം, രാമച്ചം, പതിമുഖം ഉൾപ്പെടെ ദാഹശമിനികൾ ചേർത്ത് തിളപ്പിച്ച വെള്ളം എന്നിവയാണ് കുടിക്കാൻ നല്ലത്. കൂടാതെ നാരങ്ങവെള്ളം, സംഭാരം, ലസ്സി എന്നിവയും കുടിക്കാം.
പുറത്തിറങ്ങാം, ജാഗ്രതയോടെ...
ചൂടിൽ പുറത്തിറങ്ങുമ്പോൾ ശരീരത്തിലേക്ക് പരമാവധി വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയം ഏറെ പ്രധാനമാണ്. നേരിട്ട് വെയിൽ കൊള്ളുന്ന ജോലി ചെയ്യുന്നവർ അതിനനുസരിച്ച് ജോലിസമയം ക്രമീകരിക്കണം. ഇക്കാര്യത്തിൽ തൊഴിലാളികളുടെ അവകാശം ഉറപ്പുവരുത്താൻ തൊഴിലുടമകൾ ശ്രദ്ധിക്കണം.
● അയഞ്ഞ, ഇളംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളാണ് വേണ്ടത്.
● കുടയോ തൊപ്പിയോ ധരിച്ചുവേണം പുറത്തിറങ്ങാൻ. കണ്ണിലേക്ക് അൾട്രാ വയലറ്റ് കിരണങ്ങൾ ഏൽക്കാതിരിക്കാൻ സൺഗ്ലാസ് ധരിക്കാം. മാസ്ക് അണിയുന്നതും നല്ലതാണ്.
● എവിടെ പോകുമ്പോഴും കുടിക്കാനുള്ള വെള്ളവും കൈയിൽ കരുതാം.
● സൂര്യാഘാതമോ സൂര്യാതപമോ ഉണ്ടായിക്കഴിഞ്ഞാൽ ഉടൻ പ്രാഥമികശുശ്രൂഷ തേടുക, ഒപ്പം വിദഗ്ധചികിത്സയും ഉറപ്പാക്കണം.
കരുതൽ വേണം മൃഗങ്ങൾക്കും
കടുത്ത ചൂടിൽ മനുഷ്യനു മാത്രമല്ല, മൃഗങ്ങൾക്കും പ്രത്യേക കരുതൽ നൽകേണ്ടതുണ്ട്. ചൂട് കൂടുമ്പോൾ സൂര്യാഘാതം, സൂര്യാതപം എന്നിവ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനാൽതന്നെ കന്നുകാലികളെയുൾപ്പെടെ തുറസ്സായ സ്ഥലത്ത് കെട്ടിയിടുമ്പോൾ ശ്രദ്ധിക്കണം. പരമാവധി തണലൊരുക്കുക, വിശ്രമസ്ഥലത്ത് വായുസഞ്ചാരം ഉറപ്പുവരുത്തുക തുടങ്ങിയവയും ശ്രദ്ധിക്കാം. തൊഴുത്തിലും കൂട്ടിലുമെല്ലാം തണുപ്പ് കിട്ടാനുള്ള സംവിധാനമൊരുക്കണം. വളർത്തുമൃഗങ്ങൾക്ക് ധാരാളം വെള്ളം കുടിക്കാൻ നൽകണം. കൂടാതെ, പക്ഷിമൃഗാദികൾക്കുൾപ്പെടെ ചെറിയ പാത്രങ്ങളിൽ ദാഹജലം ഒരുക്കുന്നത് നല്ലതാണ്. സാധാരണയിൽ കൂടുതൽ ഉമിനീരൊലിപ്പിക്കൽ, തളർച്ച, കിതപ്പ്, പെട്ടെന്നുള്ള ശ്വാസമെടുക്കൽ, തുടങ്ങിയവ സൂര്യാഘാത ലക്ഷണങ്ങളാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.