ഫോർട്ടു കൊച്ചി: അഴിമുഖത്തെ ജെട്ടികളിൽ അനധികൃതമായി മത്സ്യബന്ധന യാനങ്ങൾ കെട്ടിയിടുന്നതിനെതിരെ കോസ്റ്റൽ പൊലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം കെട്ടിയിട്ട ഒരു കൂട്ടം മത്സ്യബന്ധന ബോട്ടുകൾ വടം പൊട്ടി ഒഴുകിയത് മറ്റു ജലയാനങ്ങൾക്ക് സുരക്ഷാഭീഷണി ഉയർത്തുകയും സംഭവം ഏറെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. നാവികസേന കപ്പൽ നിരന്തരം അപകടമുന്നറിയിപ്പ് നൽകിയതും പൊലീസിന്റെ സുരക്ഷ നടപടികൾ ശക്തമാക്കാൻ ഇടയാക്കി. അഴിമുഖത്തെ കമാലക്കടവ് പെട്രോൾ പമ്പിൽ അനുവദിച്ചതിൽ കൂടുതൽ ബോട്ടുകൾ കെട്ടി പമ്പിൽനിന്ന് ഡീസൽ അടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ അപകടകരമായി കെട്ടിയ ബോട്ടുകൾ അവിടെനിന്ന് ഒഴിവാക്കി.
ഒരേസമയം, രണ്ടിൽ കുടുതൽ ബോട്ടുകൾ കെട്ടിയിടുന്നത് ഒഴി വാക്കണമെന്നും ലംഘനമുണ്ടായാൽ ബോട്ടുകൾ കണ്ടു കെട്ടുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കിയിട്ടുണ്ട്. ഫോർട്ടുകൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ഗിൽബെർട്ട് റാഫേൽ, എ.എസ്.ഐ ജേക്കബ്, കോസ്റ്റൽ വാർഡൻമാരായ ഷനോജ്, ഡിക്സൻ, അരുൺ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥരാണ് നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.