കാക്കനാട്: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 150 ബസുകൾക്കെതിരെ നടപടി. ബസുകളിൽ അനധികൃതമായി ഒട്ടിച്ച സ്റ്റിക്കറുകൾ ഇളക്കിമാറ്റിച്ചു.
കഴിഞ്ഞദിവസം എറണാകുളം ലിസി ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചു കടക്കവേ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചിരുന്നു. ബസിന്റെ മുന്നിൽ ഒട്ടിച്ച സ്റ്റിക്കർ കാരണം ഡ്രൈവർക്ക് കാണാൻ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം കോടതിയിൽ പരാമർശം ഉയർന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.
റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളുടെയും സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളുടെയും ആഭിമുഖ്യത്തിലായിരുന്നു പരിശോധന.
ബുധനാഴ്ച രാവിലെ എട്ടുമുതൽ എട്ടോളം സ്ക്വാഡായി നടത്തിയ പരിശോധനയിലാണ് 150 ബസുകളിൽ സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിയത്. അനധികൃതമായി സ്റ്റിക്കർ പതിച്ചതിന് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം നഗരപരിധിയിൽ മാത്രം 80ഓളം വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ബസിന്റെ പേര് ഒഴികെ ബാക്കി മുഴുവൻ സ്റ്റിക്കറുകളും ജീവനക്കാരെ കൊണ്ട് തന്നെ മാറ്റിച്ചു. ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ തുടങ്ങിയവയായിരുന്നു ഇവയിൽ ഏറെയും. ഇതിനുപുറമേ ഫുട്ബാൾ താരങ്ങളുടെ ചിത്രവും പേരും അടക്കമുള്ള സ്റ്റിക്കറും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.