കൊച്ചി: നാലു വർഷത്തിനിടെ ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 18000ത്തോളം റേഷൻ കാർഡുകൾ. അനർഹമായി അന്ത്യോദയ അന്നയോജന, മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിരുന്നവരാണിവർ. സ്വമേധയ സറണ്ടർ ചെയ്തും ഉദ്യോഗസ്ഥ പരിശോധനയിലൂടെ കണ്ടെത്തിയുമാണ് കാർഡുകൾ മാറ്റിയത്.
നിയമ വിരുദ്ധമായി മുൻഗണന കാർഡുകൾ കൈവശംവെച്ചവർക്കെതിരെ പൊതുവിഭാഗത്തിലേക്ക് മാറ്റിയതിനൊപ്പം പിഴയടക്കമുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡ് ഉടമകളായ കുടുംബത്തിന് ഓരോമാസവും 35 കിലോ ഭക്ഷ്യധാന്യങ്ങളും മുൻഗണന കുടുംബ(പി.എച്ച്.എച്ച്) റേഷൻ കാർഡ് ഉടമകളായ ഓരോ അംഗത്തിനും പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യവുമാണ് സർക്കാർ നൽകുന്നത്.
സർക്കാർ നടപടികളുടെ ഭാഗമായി ജില്ലയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയത് 17,932 റേഷൻ കാർഡുകളാണ്. ഇതിൽ കാർഡ് ഉടമകൾ സ്വമേധയാ സറണ്ടർ ചെയ്തത് 1260 എ.എ.വൈ കാർഡും 8256 മുൻഗണന റേഷൻ കാർഡുമാണ്. കൂടാതെ ഉദ്യോഗസ്ഥ പരിശോധനയിലൂടെ 930 എ.എ.വൈ കാർഡും 5250 മുൻഗണന കാർഡും കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി.
ഇതോടൊപ്പം പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 324 എ.എ.വൈ കാർഡും 1912 മുൻഗണന കാർഡും പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതടക്കം നാല് വർഷത്തിനിടെ ജില്ലയിൽ അനർഹമായി കൈവശംവെച്ച 2514 എ.എ.വൈ കാർഡും 15,418 മുൻഗണന കാർഡുമാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
മുൻഗണന കാർഡുകൾ അനർഹമായി കൈവശം വെച്ചവരിൽ സർക്കാർ ജീവനക്കാരും ഏറെയുണ്ടെന്നാണ് പരിശോധന വ്യക്തമാക്കുന്നത്. സർക്കാർ, അർധ സർക്കാർ, സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരായ 8335 പേർ സംസ്ഥാനതലത്തിൽ അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവർ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ മാർക്കറ്റ് വില പിഴയായി ഈടാക്കായിട്ടുണ്ടെന്നാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം.
2017 സെപ്റ്റംബർ 18ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടുള്ളത്. ഇത് പിന്നീട് 2018ലെ ഭക്ഷ്യഭദ്രതാ ചട്ടങ്ങളുടെ ഭാഗമാക്കുകയും ചെയ്തു. ഇതോടെ എൻ.എഫ്.എസ്.എ സംസ്ഥാന നിയമത്തിൽ പരാമർശിച്ചിട്ടുള്ള ഒഴിവാക്കൽ ഘടകങ്ങളിൽ ഉൾപ്പെട്ട കുടുംബങ്ങളെയാണ് മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കുന്നത്.
സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷൻകാർ, ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസ വരുമാനം 25000ത്തിന് മുകളിലുള്ളവർ, സ്വന്തമായി ഒരേക്കറിന് മുകളിൽ ഭൂമിയുള്ള പട്ടികവർഗക്കാരൊഴികെയുള്ളവർ, സ്വന്തമായി 1000 ചതുരശ്രയടിക്ക് മുകളിലുള്ള വീടുള്ളവർ, ഏക ഉപജീവനമാർഗമായ ടാക്സി ഒഴികെ സ്വന്തമായി നാല് ചക്രവാഹനമുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.