കൊച്ചി: ബുധനാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം നടക്കുന്നതിനാൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവിസ് ഒരുക്കുന്നു.
സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കും അവസാന ട്രെയിൻ സർവിസ് രാത്രി 11.30ന് ആയിരിക്കും. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാം. 50 കാറും 10 ബസും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിങ്ങിൽ വാഹനമിട്ട് മെട്രോയിൽ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും.
15 ബസും 30 കാറും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തുനിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽനിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽനിന്ന് വരുന്നവർക്ക് എസ്.എൻ ജങ്ഷൻ, വടക്കേക്കോട്ട, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽനിന്ന് മെട്രോ സേവനം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.