കാക്കനാട്: ശമ്പളം വൈകുന്നതിനെത്തുടർന്ന് ദുരിതത്തിലായി നഗരസഭക്ക് കീഴിലെ ശുചീകരണത്തൊഴിലാളികൾ.
കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാതെ വന്നതോടെ വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻപോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്.
നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന് കീഴിലുള്ള 65ലധികം താൽക്കാലിക ജീവനക്കാരാണ് ദുരിതത്തിലായത്. ഇതിൽ പതിനഞ്ചോളം പേർ വനിതകളാണ്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും പത്രപരസ്യങ്ങളുംവഴി ജോലിനേടിയ ഇവരിൽ പലരും കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ 12 മണിക്കൂറിലധികമാണ് ജോലി ചെയ്യുന്നത്.
ശനിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കുടുംബമായി താമസിക്കുന്ന ജീവനക്കാർ കടുത്ത പ്രതിസന്ധിയിലാണ്. അവശ്യസാധനങ്ങൾ വാങ്ങാൻപോലും പണമില്ലാത്ത സ്ഥിതിയിലാണ് പലരും.
സെക്ഷൻ ക്ലർക്കിന് കോവിഡ് ബാധിച്ചതിനെത്തുടർന്നാണ് ശമ്പളം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം നഗരസഭയിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടുണ്ട്.
സാധാരണ ഒരു ജീവനക്കാരൻ അവധിയിൽ പ്രവേശിച്ചാൽ ശമ്പളം ഉൾപ്പെടെ കാര്യങ്ങളുടെ ഉത്തരവാദിത്തം മറ്റൊരു ജീവനക്കാരന് കൈമാറലാണ് പതിവ്. ഇക്കാര്യത്തിൽ നഗരസഭയുടെ ഇരട്ട സമീപനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.