കൊച്ചി: കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയ സഹകരണ തെരഞ്ഞെടുപ്പ് കമീഷൻ നടപടിക്ക് ഹൈകോടതിയുടെ സ്റ്റേ. രേഖകളുടെ കാര്യത്തിൽ സംശയമുള്ള 489 പേരുടെ വോട്ടുകൾ പ്രത്യേക ബാലറ്റിൽ സൂക്ഷിക്കണമെന്നതടക്കം ഉപാധികളോടെ നടപടികൾ തുടരാനും തെരഞ്ഞെടുപ്പ് നടത്താനും ജസ്റ്റിസ് എൻ. നഗരേഷ് ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സഹകരണ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ചോദ്യം ചെയ്ത് ബാങ്ക് മാനേജിങ് കമ്മിറ്റി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
നിലവിലെ ഭരണസമിതിയുടെ കാലാവധി നവംബർ 30ന് അവസാനിക്കുന്ന സാഹചര്യത്തിൽ 24ന് തെരഞ്ഞെടുപ്പ് നടത്താൻ വിജ്ഞാപനമിറക്കിയെങ്കിലും 726 അംഗങ്ങളിൽ 237 പേരുടെ അംഗത്വ രേഖകൾ മാത്രമാണ് സെക്രട്ടറി ഹാജരാക്കിയതെന്ന് ചൂണ്ടിക്കാട്ടി വിജ്ഞാപനം റദ്ദാക്കുകയായിരുന്നു. എന്നാൽ, ഈ നടപടി പുതിയ ഭരണസമിതിക്ക് തടയാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് 726 പേരുടെ വോട്ടർപട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് 24ന് നടത്തണമെന്ന് കോടതി നിർദേശിച്ചു. ഹരജി വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.