അങ്കമാലി: ദേശീയപാത അങ്കമാലി കരയാംപറമ്പ് സിഗ്നൽ ജങ്ഷനിൽ അപകടമൊഴിയുന്നില്ല. വ്യാഴാഴ്ച രാവിലെ സിഗ്നലിൽ ലൈറ്റ് തെളിയുന്നത് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നിൽ വരുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിൽ സഞ്ചരിച്ച നാലുപേർക്ക് നിസ്സാര പരിക്കേറ്റു. കാറിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. തൃശൂരിൽനിന്ന് കട്ടപ്പനയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് നിയന്ത്രണംതെറ്റി അപകടത്തിൽപെട്ടത്.
കരയാംപറമ്പ് മുതൽ ഇരുവശത്തും സർവിസ് റോഡും കുത്തനെ താഴ്ചയുള്ള മൂക്കന്നൂർ റോഡും സ്ഥിതി ചെയ്യുന്നു. ഈ നാൽക്കവലയിൽ ആറോളം ദിശകളിൽനിന്നാണ് ദേശീയപാത കുറുകെ കടന്ന് തലങ്ങും വിലങ്ങും വാഹനങ്ങൾ സഞ്ചരിക്കുന്നത്. ദേശീയപാതയിൽ വശങ്ങളിലൂടെയും വാഹനങ്ങൾ കടന്നുപോവുകയും ചെയ്യുന്ന അവസ്ഥയിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ജീവൻപൊലിയുന്നതും നിത്യസംഭവമായതോടെയാണ് നിരവധി പരാതിക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കരയാംപറമ്പിൽ സിഗ്നൽ സംവിധാനം വന്നത്.
അതിന് ശേഷം പാലിയേക്കര ടോൾ നിലവിൽ വന്നതോടെ ദേശീയപാതയിൽ അത്യാധുനിക സംവിധാനത്തിൽ സഞ്ചരിക്കാൻ സൗകര്യമൊരുങ്ങുകയുമായിരുന്നു. അതോടെ മിന്നൽ വേഗത്തിലായി വാഹനങ്ങളുടെ സഞ്ചാരം. പാലിയേക്കര മുതൽ അങ്കമാലി വരെ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് കരയാംപറമ്പിലാണ്. ചാലക്കുടി ഭാഗത്തുനിന്ന് പാഞ്ഞുവരുന്ന വാഹനങ്ങൾ ചെറിയ വളവ് തിരിഞ്ഞ് വരുമ്പോഴാണ് കരയാംപറമ്പിലെ സിഗ്നൽ കാണുന്നത്. പെട്ടെന്ന് ബ്രേക്കിടാൻ ശ്രമിക്കുന്നതോടെയാണ് വാഹനങ്ങൾ നിയന്ത്രണംവിടുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ 16ലേറെ അപകടമുണ്ടായി. അതിൽ അഞ്ചോളം കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപെട്ടിട്ടുള്ളത്. വടക്കുനിന്ന് വരുന്ന വാഹനങ്ങൾ സിഗ്നൽ എത്തുംമുമ്പ് വേഗം കുറക്കാനോ സിഗ്നൽ സംവിധാനത്തിൽ മാറ്റംവരുത്തുകയോ വേണമെന്നാണ് അപകടങ്ങൾ ഇല്ലാതാക്കാൻ വിദഗ്ധർ നിർദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.