ട്വന്റി20 ഫേസ്ബുക്ക് പേജിലൂടെ നടത്തിയ സ്ട്രീറ്റ് ലൈറ്റ് ചലഞ്ചും അത് പരാജയപ്പെടുത്താനുള്ള മറുചേരിയിലെ ഒരുവിഭാഗത്തിന്റെ ശ്രമവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്
കിഴക്കമ്പലം: ഏറെനാളായി വിവാദങ്ങളും സംഘർഷങ്ങളും പതിവായ കിഴക്കമ്പലം അവസാനം രാഷ്ട്രീയ കൊലപാതകത്തിനും വേദിയായി. രാഷ്ട്രീയ വൈരത്തിൽ ട്വന്റി20 ഒരുവശത്തും മറ്റു പാർട്ടികളിലേറെയും മറുവശത്തും നിന്ന് പോരാട്ടം കൊഴുക്കുമ്പോഴും പതിവില്ലാത്ത സമരമുറകളിലേക്ക് കടക്കുമ്പോഴും കൊലപാതകത്തിലേക്കെത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
ട്വന്റി20 ഫേസ്ബുക്ക് പേജിലൂടെ നടത്തിയ സ്ട്രീറ്റ് ലൈറ്റ് ചലഞ്ചും അത് പരാജയപ്പെടുത്താനുള്ള മറുചേരിയിലെ ഒരുവിഭാഗത്തിന്റെ ശ്രമവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ട്വന്റി20 ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട് പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും സ്ട്രീറ്റ് ലൈറ്റ് ഇടാനെന്ന് പറഞ്ഞ് ഒന്നിന് 2500 രൂപ വീതം കണക്കാക്കി ട്വന്റി20 കിഴക്കമ്പലം ഫേസ്ബുക്കിലൂടെയും മറ്റും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെച്ച് ജനങ്ങളില്‍നിന്ന് തുക സമാഹരിക്കാൻ നല്കിയ പരസ്യത്തെതുടര്ന്നാണ് വിവാദം ഉയര്‍ന്നത്.
ബിജു മാത്യു എന്നയാൾ പൊലീസിലും കിഴക്കമ്പലം വൈദ്യുതി ബോര്‍ഡ് ഓഫിസിലും പരാതി നല്കി. ഈ പരാതി വൈദ്യുതി ബോര്‍ഡ് പൊലീസിന് കൈമാറിയതോടെ വിവാദം കൊഴുത്തു. ഇതോടെ ട്വന്റി20 പ്രതിഷേധവുമായി എത്തി. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നത് തടഞ്ഞ എം.എല്‍.എയുടെ നടപടിക്കെതിരെയും ട്വന്റി20 പഞ്ചായത്തുകളില്‍ വികസനം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ചും കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഏഴുമുതല്‍ 7.15 വരെയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തെതുടര്‍ന്നാണ് ദീപുവിന് മര്‍ദനമേറ്റതും മരണം സംഭവിച്ചതും. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പരിസരത്തുള്ള വീട്ടില്‍ ലൈറ്റണക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം. നേരത്തെ പെരിയാര്‍വാലി കനാലില്‍ പൈപ്പിട്ട് കിറ്റെക്സ് വെള്ളം ഊറ്റുന്നതായി ആരോപണം ഉയരുകയും വിവാദമാകുകയും ചെയ്തിരുന്നു. കിറ്റെക്സ് കമ്പനിയില്‍നിന്ന് കടമ്പ്രയാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നതും തൊഴിലാളികളുടെ താമസസ്ഥലവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നു.
കിറ്റെക്സ് കമ്പനി കേരളത്തില്‍ മുടക്കാനിരുന്ന നിക്ഷേപം പിന്‍വലിച്ച് തെലങ്കാനയില്‍ നിക്ഷേപം ഇറക്കുമെന്ന് പ്രഖ്യാപിച്ചതും വിവാദമായി. കമ്പനിയിൽ ക്രിസ്മസ് ദിനത്തില്‍ രാത്രി മദ്യലഹരിയില്‍ കിറ്റെക്സ് തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയും കുന്നത്തുനാട് സി.ഐ ഉള്‍പ്പെടെയുള്ളവർക്ക് മർദനമേൽക്കുകയും ചെയ്തു. ഒരു പൊലീസ് വാഹനം കത്തിക്കുകയും അഞ്ചോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സ്ട്രീറ്റ് ലൈറ്റ് വിവാദം ഉയരുന്നതും കൊലപാതകത്തില്‍ കലാശിക്കുന്നതും.
കൊച്ചി: ഭരണത്തിെൻറ തണലിൽ സി.പി.എമ്മിെൻറ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. കുന്നത്തുനാട്ടിൽ സി.പി.എമ്മിെൻറ എം.എൽ.എക്കെതിരെ വിളക്ക് അണച്ച് പ്രതിഷേധിച്ചതിനാണ് പട്ടികജാതി കോളനിയിലെ താമസക്കാരനായ ദീപുവിനെ സി.പി.എം നേതാക്കൾ തല്ലിക്കൊന്നത്. സി.പി.എമ്മിനും അവരുടെ എം.എൽ.എക്കും എതിരെ സമരം ചെയ്യുന്നവരെയെല്ലാം തല്ലിക്കൊല്ലാൻ ആരാണ് അധികാരം നൽകിയത്.
ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടാണ് എം.എൽ.എ സ്വീകരിക്കുന്നത്. ട്വന്റി 20യോടും അവരുടെ പ്രവർത്തനങ്ങളോടും കോൺഗ്രസിനും എതിർപ്പുണ്ട്. പക്ഷേ, ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുന്നത് ശരിയല്ല. ദീപുവിനെ മർദിച്ചു കൊന്ന സി.പി.എം നേതാക്കൾക്കെതിരെ മാതൃകപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കൊച്ചി: കിഴക്കമ്പലത്ത് ദീപു എന്ന യുവാവിന്റെ കൊലപാതകം സി.പി.എം എക്കാലവും തുടർന്നുപോകുന്ന കൊലപാതക രാഷ്ട്രീയത്തിെൻറ തുടർച്ചയാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. സി.പി.എം അടക്കമുള്ള പാർട്ടികൾ വെച്ചുപുലർത്തുന്ന ദലിത് വിരുദ്ധത കൂടിയാണിത്. സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുകയും ദീപുവിെൻറ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്കാൻ സര്‍ക്കാര്‍ തയാറാകുകയും വേണമെന്നും ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. കെ.എച്ച്. സദഖത്ത്, അസൂറ ടീച്ചർ, ഷംസുദ്ദീൻ എടയാർ, ആബിദ വൈപ്പിൻ, സദീഖ് വെണ്ണല, രമണി കൃഷ്ണൻകുട്ടി, നസീർ അലിയാർ, രഹനാസ് ഉസ്മാൻ എന്നിവർ സംസാരിച്ചു.
കിഴക്കമ്പലം: ദീപു എന്ന യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡൊമിനിക് കാവുങ്കലും നിയോജക മണ്ഡലം പ്രസിഡന്റ് ജോണി കുരിശിങ്കലും അധികാരികളോട് ആവശ്യപ്പെട്ടു. ജനാധിപത്യ രീതിയില്‍ പ്രതിഷേധം നടത്താനുള്ള ജനത്തിന്റെ അവകാശം സി.പി.എം നിഷേധിക്കുകയാണ് കിഴക്കമ്പലത്ത് നടന്നത്. സി.പി.എം നേതാക്കളുടെ ധിക്കാരത്തിന്റെ അവസാന ഇരയാണ് ദീപു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കിഴക്കമ്പലം: ദീപുവിന്റെ മരണം സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്ത് കൊണ്ടുവരണമെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ. കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്. ആശുപത്രിയില്‍ നല്കിയ മരണമൊഴിയില്‍ മര്‍ദനമേറ്റ വിവരം പറഞ്ഞിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഗുരുതരമായ വേറെ രോഗങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന് അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. സംഭവത്തെ സി.പി.എമ്മിനെതിരെ തിരിക്കാനുള്ള ഗൂഢനീക്കവും രാഷ്ട്രീയവുമായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. തനിക്കെതിരെ വ്യാജ ആരോപണവും വ്യക്തി അധിക്ഷേപവും നടത്തിയ ട്വന്റി20 വാര്‍ഡ് അംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
കിഴക്കമ്പലം: രാഷ്ട്രീയ എതിരാളികളുടെ ജീവനെടുക്കുന്ന അക്രമരാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. ദലിത് സമുദായത്തിൽപെട്ട ദീപു സി.പി.എം ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. തുടര്‍ഭരണത്തിന്റെ ബലത്തില്‍ സംസ്ഥാനത്തുടനീളം രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന കിരാത നടപടിയുടെ തുടര്‍ച്ചയാണ് കിഴക്കമ്പലത്തും അരങ്ങേറിയത്.
അധികാരവും പണവും ഉണ്ടെങ്കില്‍ എന്ത് ഹീനകൃത്യവും ചെയ്യാന്‍ സി.പി.എം മടിക്കില്ലെന്ന് കിഴക്കമ്പലം കൊലപാതകത്തിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് ചെയര്മാന് സി.പി. ജോയി പറഞ്ഞു. ഈ കൊലപാതകത്തിലെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടു വരാനുള്ള സമഗ്ര അന്വേഷണം നടത്തണം. ദീപുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.