കൊച്ചി കോർപറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ കെ.എ.
അൻസിയ അവതരിപ്പിക്കുന്നു. മേയർ എം. അനിൽ കുമാർ
സമീപം
കൊച്ചി: സമൂഹത്തിലെ താഴെത്തട്ടിൽ നിൽക്കുന്നവരുടെയും സാധാരണക്കാരുടെയും ഉന്നമനം ലക്ഷ്യമിട്ട്, കൊച്ചിയെ അതിദരിദ്രരില്ലാത്ത ആദ്യ ഇന്ത്യന്‍ നഗരമാക്കുമെന്ന പ്രഖ്യാപനത്തോടെ കൊച്ചി കോർപറേഷൻ 2025-’26 വർഷത്തെ ബജറ്റ്. നിലവിലെ ഭരണസമിതിയുടെ അവസാനത്തെ ബജറ്റാണ് മേയർ എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ അവതരിപ്പിച്ചത്. വമ്പൻ പദ്ധതികളൊന്നും ഇല്ലെങ്കിലും ഭവനരഹിതർ ഇല്ലാത്ത കൊച്ചി എന്ന ലക്ഷ്യത്തിലേക്കായി 20 കോടിയും അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി പത്തുകോടിയും എല്ലാവർക്കും പട്ടയം നൽകാൻ അരക്കോടിയും നഗരങ്ങളിൽ തെരുവിൽ അന്തിയുറങ്ങുന്നവർക്കായി നൈറ്റ് ഷെൽറ്ററിന് ഒരു കോടിയുമുൾപ്പെടെ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 1206 കോടി വരവും 943 കോടി ചെലവും 262 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്മേല് ബുധനാഴ്ച നടക്കുന്ന ചര്‍ച്ചക്ക് ശേഷം വ്യാഴാഴ്ച അംഗീകാരം നല്‍കും.
അന്തർ സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് ഉചിതമായ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനായി ലേബര്‍ ചൗക്ക് എന്ന പുതിയ ആശയം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യങ്ങള്‍ ഇവിടെയൊരുക്കും. 25 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിക്കും.
ചുമട്ടുതൊഴിലാളികള്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍, അസംഘടിത തൊഴിലാളികള്‍ ഓട്ടോ, ടാക്സി, ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ചികിത്സ സഹായം, മാലിന്യശേഖരണ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോതൊഴിലാളികള്‍, അംഗൻവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ക്ക് എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
ഇടപ്പള്ളിയിൽ കൺവെൻഷൻ സെന്റർ, വാടവീടുകളില് കഴിയുന്ന അതിദരിദ്രരെ പുനരധിവസിപ്പിക്കാന്‍ വെറ്റിലയില്‍ ഫ്ലാറ്റ് സമുച്ചയം, നഗരജനസംഖ്യയെ മുഴുവന്‍ ഉള്‍പ്പെടുത്തി അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി, ഭിന്നശേഷിക്കാര്‍ക്കായി ഡിസെബിലിറ്റി മാനേജ്മെന്റ് ക്ലിനിക്ക്, കൂടുതല്‍ സ്ഥലങ്ങളില്‍ ഷീ ലോഡ്ജ്, ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി, കടവന്ത്ര എന്നിവിടങ്ങളില്‍ ‘സമൃദ്ധി കൊച്ചി’യുടെ ശാഖകള്‍, കുടുംബശ്രീ പ്രവര്‍ത്തകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ ‘ജ്ഞാനശ്രീ’ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.