എൻ.ബി.സി.സി തയാറാക്കിയ മറൈൻ ഇക്കോ സിറ്റിയുടെ ഡിജിറ്റൽ മാതൃക
കൊച്ചി: സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ സ്വപ്നപദ്ധതിയായ കൊച്ചിയിലെ ‘മറൈൻ ഇക്കോ സിറ്റി’യുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും.
നഗരത്തിന്റെ ഹൃദയഭാഗമായ മറൈൻഡ്രൈവിനോട് ചേർന്നാണ് 17.9 ഏക്കറിൽ പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഏകദേശം 2399 കോടി രൂപ ആകെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന മറൈൻ ഇക്കോ സിറ്റിയുടെ വിപണന മൂല്യം 3570 കോടി രൂപയാണ്.
ആദ്യഘട്ടത്തിൽ 25 നിലകളിലായി 152 ഫ്ലാറ്റാണ് നിർമിക്കുന്നത്. ഇതിൽ മൂന്ന് നിലകൾ പാർക്കിങ്ങിനുള്ളതാണ്. ക്ലബ് ഹൗസ്, സിമ്മിങ് പൂൾ, ജിം, ഓഫിസ് ഇടങ്ങൾ എന്നീ സൗകര്യങ്ങളും ഉണ്ടാകും.
2,47,000 ചതുരശ്ര അടിയുള്ള വാണിജ്യ സമുച്ചയവും 85,651 ചതുരശ്ര അടിയും 2000 സീറ്റിങ് കപ്പാസിറ്റിയുമുള്ള കൺവെൻഷൻ സെന്ററും 40 അതിഥി മുറികളുള്ള ഹോട്ടലും ഭവന നിർമാണ ബോർഡിന് സ്വന്തമായി ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇവക്കു പുറമെ ആഡംബര ഹരിത പാർപ്പിട സമുച്ചയങ്ങളിൽ മൂന്ന് ബി.എച്ച്കെ, നാല് ബി.എച്ച്കെ ഫ്ലാറ്റുകളുണ്ടാകും.
മറൈൻ ഇക്കോ സിറ്റി നിർമാണം ഈ വർഷം ആരംഭിക്കാനുള്ള ഒരുക്കം വേഗത്തിലാക്കാൻ റവന്യൂ മന്ത്രി കെ. രാജൻ നിർദേശം നൽകി. തിരുവനന്തപുരത്ത് ചേർന്ന പദ്ധതി പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമാനുസൃതമായ തടസ്സങ്ങൾ നീക്കാനുള്ള നടപടിക്രമങ്ങൾ അടിയന്തമായി പൂർത്തിയാക്കും.
കേന്ദ്രത്തിൽ നിന്നുള്ള വിവിധ അനുമതി പത്രങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട ക്ലിയറൻസ് ലഭിച്ചു. പ്രീ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി. ത്രീ സ്റ്റാർ സർട്ടിഫിക്കേഷൻ ലഭ്യമായി. എയർപോർട്ട് എൻ.ഒ.സി, ഫയർഫോഴ്സ് എൻ.ഒ.സി, പാരിസ്ഥിതിക അനുമതി തുടങ്ങിവ ഉറപ്പാക്കിയിട്ടുണ്ട്.
മറൈൻ സിറ്റിയുടെ പുതുക്കിയ രൂപരേഖയും എസ്റ്റിമേറ്റും നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷന്റെ (എൻ.ബി.സി.സി) വിദഗ്ധ പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ട നിർമാണത്തിന്റെ ടെൻഡർ നടപടികളും എൻ.ബി.സി.സി ഉദ്യോഗസ്ഥർ വിവരിച്ചു.
486.38 കോടി രൂപയായിരുന്നു പദ്ധതി തുക. റായ്പുർ കേന്ദ്രമായ ഡീ.വീ പ്രോജക്ട്സ് ലിമിറ്റഡ് (ഡീവീപിഎൽ) 460.60 കോടിയും ഡൽഹി ആസ്ഥാനമായ സ്വദേശി സിവിൽ ഇൻഫ്രാസ്ട്രക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് 506.72 കോടിയുമാണ് ക്വാട്ട് ചെയ്തത്. ടെൻഡർ തുകയേക്കാൾ 5.3 ശതമാനം കുറവാണ് ഡീവീപിഎല്ലിന്റേത്. നിർമാണ കരാർ ഇവർക്ക് നൽകാനുള്ള നടപടിക്രമങ്ങൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേർഡ് കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.