മട്ടാഞ്ചേരി: നഗരത്തിലെ മാലിന്യസംസ്കരണം കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഹരിത കർമ സേനാംഗങ്ങള്‍ക്ക് ഉപയോഗിക്കാൻ 120 ഇ-കാര്‍ട്ടുകൾ വിതരണം ചെയ്തു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് 2.39 കോടി രൂപ ചെലവഴിച്ചാണ് വാഹനങ്ങള്‍ വാങ്ങി നല്‍കിയത്. നിലവില്‍ മാലിന്യശേഖരണം നടത്തുന്ന വാഹനങ്ങളുടെ രൂപവും ഭാവവും മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കാർട്ടുകൾ വിതരണം ചെയ്തത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഹരിതകർമ സേനാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണിത്. ഉന്തി നടക്കുന്ന വാഹനങ്ങളില്‍നിന്ന് വായു മലിനീകരണം തീരെയില്ലാത്ത ഇ-കാര്ട്ടുകളിലേക്കുള്ള മാറ്റം ലക്ഷ്യമിടുന്നു. തുറന്ന വാഹനങ്ങളിലെ മാലിന്യനീക്കം ഘട്ടം ഘട്ടമായി ഒഴിവാക്കി കവേര്‍ഡ് ടിപ്പറുകളും കോംപാക്ടറുകളും മാത്രം ഉപയോഗപ്പെടുത്തി മാലിന്യനീക്കത്തില്‍ കാലോചിത പരിഷ്കാരം നടപ്പാക്കാനുമാണ് നഗരസഭ ലക്ഷ്യമിടുന്നത്. നിലവില്‍ 897 ഹരിതകർമ സേനാംഗങ്ങളാണ് കൊച്ചി നഗരത്തിലെ വീടുകളില്‍നിന്നുള്ള മാലിന്യശേഖരണം നടത്തുന്നത്. സമീപഭാവിയില്‍ നഗരത്തിലെ മുഴുവന്‍ ഹരിതകർമ സേനാംഗങ്ങള്‍ക്കും വാഹനങ്ങള്‍ ലഭ്യമാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി ലോകബാങ്ക് സഹായത്തോടെയും വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള പദ്ധതി തയാറായിവരുകയാണ്. മേയര്‍ എം. അനില്‍കുമാര്‍ ഇ-കാര്‍ട്ടുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു.
സി.എസ്.എം.എല്‍ സി.ഇ.ഒ ഷാജി വി. നായര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി ചെയർമാൻ ജെ. സനില്മോന്, കൗണ്‍സിലര്‍മാരായ ആന്റണി കുരീത്തറ, പി.എസ്. വിജു, എം. ഹബീബുല്ല, ജെ. രഘുറാമപൈ, പി.എ. മനാഫ്, നഗരസഭ അഡീഷനല്‍ സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.