കൊച്ചി: നഗരം മുങ്ങാതിരിക്കാൻ അധികൃതർ സ്വീകരിക്കുന്ന നടപടികൾ തൊലിപ്പുറത്തെ ചികിത്സ പോലെയെന്ന് ആക്ഷേപം. കാന ശുചീകരണമടക്കം തകൃതിയായി നടക്കുമ്പോഴും നഗരം ഇനി മുങ്ങില്ലെന്ന് ഉറപ്പ് പറയാൻ അധികൃതർക്കാവുന്നില്ല. അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് ഉത്തരം. വ്യക്തമായ മറുപടിയില്ലാതെ ഇരുട്ടിൽ തപ്പുകയാണ് കോർപറേഷൻ അധികൃതർ. കാനകൾ ശുചീകരിച്ച് വൃത്തിയാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കോർപറേഷൻ 52 ജീവനക്കാർ, ജെ.സി.ബികൾ, ടിപ്പർ ലോറികൾ എന്നിവയെല്ലാം സജ്ജീകരിച്ച് ഒരുമാസത്തോളമായി പരിശ്രമം നടത്തിവരുന്നു. ഇപ്പോഴും ഒരുമണിക്കൂർ മഴപെയ്താൽ നഗരം മുങ്ങും. ഇത് ഒഴിവാക്കാൻ എന്താണ് പോംവഴി എന്ന് ആർക്കും നിശ്ചയമില്ലെന്നാണ് കോർപറേഷൻ, പി.ഡബ്ല്യു.ഡി, ഇറിഗേഷൻ, കൊച്ചിൻ സ്മാർട്ട് മിഷൻ തുടങ്ങിയവയുടെ അധികൃതരിൽനിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
റോഡുകളിലെ വെള്ളം ഓടകളിലേക്ക് ഒഴുകാത്തത്, കാനകളിലെ വെള്ളം കനാലുകളിലേക്ക് പോകാത്തത്, കനാലുകളിലെ ഒഴുക്ക് നിലച്ചത്, കായൽ മുഖങ്ങളിൽ മണ്ണടിഞ്ഞത് എന്നിവയാണ് നഗരത്തെ മുക്കുന്ന ഘടകങ്ങളെന്ന് അധികൃതർ പറയുന്നു. ഇതിൽ കാനകളുടെ ഒഴുക്ക് സുഗമമാക്കുന്നതിന്റെ ചുമതല കോർപറേഷനാണ്. കാനകളിലെ മണ്ണ് നീക്കമാണ് കോർപറേഷൻ നടത്തുന്നത്. മണ്ണ് നീക്കിയതുകൊണ്ട് മാത്രം ഒഴുക്ക് സുഗമമാകില്ലെന്നാണ് ഇത്രനാൾ നീണ്ട മണ്ണ് നീക്കം ചെയ്യലിന് ശേഷം അധികൃതർ പറയുന്നത്. കാന തുറക്കുമ്പോൾ കാണുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കുടിവെള്ള പൈപ്പുകളും കേബിളുകളുമാണ്. പ്ലാസ്റ്റിക് മാലിന്യം കുടുങ്ങിനിൽക്കുന്നതും ഈ തടസ്സങ്ങളിലാണ്. ഓടകളിൽ പലയിടത്തും ഹോട്ടൽ മാലിന്യമടക്കം അടിഞ്ഞ് കൂടിക്കിടക്കുന്നു. ഇവ നീക്കാതെ കാനകളിൽ വെള്ളം ഒഴുകില്ല.
അനന്തമായി നീളുന്ന കാനശുചീകരണം
നഗരത്തിലെ കാനകൾ എന്ന് ക്ലീനാകുമെന്ന് നഗരസഭക്ക് ഒരു നിശ്ചയവുമില്ല. ഒരുമാസത്തോളമായി തുടരുന്ന ശുചീകരണം അവസാനിക്കുമ്പോഴേക്ക് ആദ്യം തുടങ്ങിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യം അടിഞ്ഞിട്ടുണ്ടാകും. അതിനാൽ കാന ശുചീകരണം തുടർ പ്രക്രിയയായി നിലനിർത്തേണ്ടിവരുമെന്ന് കോർപറേഷൻ ആരോഗ്യവിഭാഗം പറയുന്നു. തുലാവർഷം ഇനി ഒരുമാസത്തിനപ്പുറം നീളില്ലെന്ന കണക്ക് കൂട്ടലാണ് അധികൃതർക്ക്. വേനൽ തുടങ്ങിയാൽ കാനകളിൽനിന്ന് കരകയറാമെന്ന പ്രതീക്ഷയും അവർക്കുണ്ട്.
ഹൈകോടതി നിർദേശിച്ച എം.ജി റോഡ്, പവർഹൗസ് റോഡ്, ഇടപ്പള്ളി, സൗത്ത് റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ശുചീകരണം നടക്കുന്നത്. മണ്ണ് നീക്കം ചെയ്യലാണ് നടക്കുന്നത്. രാത്രിയിലാണ് ശുചീകരണം. റോഡിലെ വെള്ളം കാനയിലേക്ക് ഇറങ്ങുന്നതിന് ഓവു ചാലുകൾ വിസ്തൃതമാക്കുന്നതിനുള്ള ജോലികൾ ചെയ്യേണ്ടതുണ്ട്. അത് പി.ഡബ്ല്യു.ഡിയാണ് ചെയ്യേണ്ടതെന്ന് കോർപറേഷൻ അധികൃതർ പറയുന്നു. മാധവ് ഫാർമസി റോഡിലെ മോഡൽ വർക്കിന്റെ വിജയം നോക്കിയിട്ടാകും മറ്റിടങ്ങളിലും ഈ ജോലികൾ ചെയ്യുക.
'നടക്കില്ല നടത്തം'
കാനകൾ ശുചീകരിക്കുന്നതിന്റെ ദുരിതവും പൊതുജനത്തിന്. കാൽനട സാധിക്കാത്തവിധം നടപ്പാതകൾ തകർന്നു. ദുർഗന്ധം നിമിത്തം മൂക്കുപൊത്തേണ്ട ഗതികേടിലുമായി. റോഡുകൾക്കിരുവശവുമുള്ള നടപ്പാതകൾ പാടെ പൊളിച്ചാണ് കാനകളിലെ ചളി നീക്കുന്നത്. ഇതിനായി സ്ലാബുകൾക്ക് മുകളിൽ പാകിയിരുന്ന ടൈലുകളെല്ലാം നീക്കം ചെയ്തു. ഉയർത്തി മാറ്റി ചളി കോരിയശേഷം പുനഃസ്ഥാപിച്ച സ്ലാബുകളിൽ മിക്കവയും പൊളിഞ്ഞ നിലയിലാണ്. ചിലത് പാടെ തകർന്നിട്ടുമുണ്ട്. ഇതുമൂലം ഉണ്ടായ വിടവുകളിൽ കാൽ അകപ്പെടാതെ നടക്കുക സാഹസമാണ്. ചിലയിടങ്ങളിൽ വ്യാപാരികൾ സ്വന്തം നിലയിൽ കാർപെറ്റുകൾ വിരിച്ച് വിടവുകളിൽ കാൽ അകപ്പെടാത്ത വിധമാക്കിയിട്ടുണ്ട്.
വേണം പുതിയ കാനകൾ
നിലവിലെ കാനകൾ പൈപ്പുകളും കേബിളുകളും നിറഞ്ഞ നിലയിലായതിനാൽ വെള്ളം ഒഴുകാൻ പുതിയവ പലയിടത്തും ആവശ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതല്ലെങ്കിൽ പൈപ്പുകളും കേബിളുകളും പോകുന്നതിന് കാന മാതൃകയിൽ ചെറു തുരങ്കങ്ങൾ നിർമിക്കണം. കാനകൾ പുനർ നിർമിക്കേണ്ടതുണ്ടോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശിച്ചിട്ടുണ്ട്. കാനകളിലെ ഒഴുക്ക് ശരിയായ ദിശയിലല്ല എന്ന നിഗമനത്തിലാണിത്. കാനകൾ പുനർനിർമിക്കേണ്ടി വന്നാൽ അതിന്റെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനാണോ അതോ കോർപറേഷനാണോ എന്ന് വിശദീകരിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചിട്ടുണ്ട്. ഷിപ്യാർഡും ജല അതോറിറ്റിയും അടച്ച കാനകൾ ഇനി തുറക്കാനാകാത്തതിനാൽ കാനകൾ തേവര പാലം ഭാഗത്തേക്ക് നീട്ടേണ്ടതുണ്ട്. അതിന് പുതിയ നിർമാണം ആവശ്യമാണ്. പാതിവഴിയിൽ നിലച്ച ഓപറേഷൻ ബ്രേക്ക് ത്രൂ പുനരുജ്ജീവിപ്പിക്കാത്തതാണ് വെള്ളക്കെട്ട് മാറാത്തതിന്റെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കാന തുറക്കുമ്പോൾ കാണുന്ന തടസ്സങ്ങളെ കുറിച്ച് ജല അതോറിറ്റി, കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ അധികൃതരെ ദിവസവും കോർപറേഷൻ അറിയിക്കുന്നുണ്ട്. അവർക്കു കൂടി കണ്ട് ബോധ്യപ്പെടാനായി അത്തരം സ്ഥലങ്ങളിൽ കാന തുറന്നുവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.