കൊച്ചി: ഭൂമി തരംമാറ്റൽ നടപടികൾ പൂർത്തീകരിക്കുന്നതിന് സർക്കാർ 20.46 കോടി രൂപ ചെവഴിച്ചിട്ടും രണ്ടേമുക്കാൽ ലക്ഷത്തിലധികം അപേക്ഷകൾ ഇപ്പോഴും കെട്ടിക്കിടക്കുന്നു. സർക്കാർ നടപടികളിലെ കാലതാമസം മുതലെടുത്ത് സ്വകാര്യ ഏജൻസികളും റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന മാഫിയ വൻ ചൂഷണമാണ് നടത്തുന്നത്. വിജിലൻസ് ക്രമക്കേട് കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയുണ്ടായിട്ടില്ല.
റവന്യൂ വകുപ്പിന്റെ കണക്ക് പ്രകാരം ഭൂമി തരംമാറ്റത്തിനായി ഇതുവരെ ലഭിച്ച 4,57,282 അപേക്ഷകളിൽ 1,82,109 എണ്ണം മാത്രമാണ് തീർപ്പാക്കിയത്. ബാക്കി 2,75,173 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകളിൽ അതിവേഗ തീർപ്പ് കൽപിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുകയും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. ഇതിനായി 20,46,05,842 രൂപയാണ് ചെലവഴിച്ചത്. പി.എസ്.സി വഴി നിയമിച്ച 181 ക്ലർക്കുമാർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളുമായി 5,61,10,000 രൂപയും ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച 123 സർവേയർമാർക്കായി 1,87,14,450 രൂപയും ചെലവിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. വാഹന വാടകയായി 11,83,20,751 രൂപയും മറ്റ് സാങ്കേതിക സൗകര്യങ്ങൾക്ക് 1,14,60,641 രൂപയും ചെലവഴിച്ചിട്ടുണ്ട്.
ഭൂമി തരംമാറ്റിയതിന് ഫീസ് ഇനത്തിൽ സർക്കാറിന് ആയിരം കോടിയിലധികം വരുമാനം ലഭിക്കുകയുംചെയ്തു. എന്നിട്ടും അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യമാണ്. ഈ അവസരം മുതലാക്കിയാണ് സ്വകാര്യ മാഫിയ നാടുനീളെ ബോർഡ് സ്ഥാപിച്ച് ഭൂമി തരംമാറ്റാൻ ഉദ്ദേശിക്കുന്ന അപേക്ഷകരെ ആകർഷിക്കുന്നത്.
വിരമിച്ച ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകുന്നതായാണ് വിജിലൻസ് കണ്ടെത്തൽ. ഇതിന് ഒരപേക്ഷകനിൽനിന്ന് 25,000 മുതൽ ഒരുലക്ഷം വരെ ഫീസായി വാങ്ങുന്നു. സംസ്ഥാനത്തിന് പുറത്തും വിദേശത്തും ജോലി ചെയ്യുന്നവരും മറ്റ് തിരക്കുകളുള്ളവരുമാണ് കാര്യങ്ങൾ എളുപ്പത്തിൽ നടക്കാൻ സ്വകാര്യ ഏജൻസികളെ കൂടുതലായും ആശ്രയിക്കുന്നത്. ‘ഓപറേഷൻ കൺവർഷൻ’ എന്ന പേരിൽ 27 റവന്യൂ ഡിവിഷനൽ ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഒരു ഏജൻസിയുടെ മൊബൈൽ നമ്പറിൽനിന്ന് മാത്രം 700 അപേക്ഷകൾ ആർ.ഡി.ഒ ഓഫിസുകളിൽ ലഭിച്ചതടക്കം ക്രമക്കേടുകൾ നടന്നതായും പറയുന്നു. സ്വകാര്യ ഏജൻസികളുടെ ചൂഷണവും ക്രമക്കേടും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നുമാണ് റവന്യൂ അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.