കാക്കനാട്: നമ്പർപ്ലേറ്റ് ഇല്ലാത്ത വാഹനങ്ങളിൽ ചീറിപ്പായുന്നവരാണോ? നിങ്ങൾക്കുള്ള പണിയുമായി ഒരുങ്ങിയിറങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഇത്തരത്തിൽ പിടികൂടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് അധികൃതരുടെ തീരുമാനം. നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കുകൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. നമ്പർപ്ലേറ്റ് ഇല്ലാതെ പിടികൂടുന്ന വാഹനങ്ങൾ കോടതിയിൽ ഹാജരാക്കാനാണ് ഗതാഗത സെക്രട്ടറിയുടെ നിർദേശമെന്ന് അധികൃതർ വ്യക്തമാക്കി.
2019നുശേഷം നിർമിച്ച വാഹനങ്ങളിൽ അഴിച്ചുമാറ്റാൻ കഴിയാത്ത നമ്പർ പ്ലേറ്റുകൾ ആണ് ഘടിപ്പിക്കേണ്ടത്. വാഹന ഡീലർമാർതന്നെ ഇത് ഘടിപ്പിച്ച് നൽകണമെന്നാണ് ചട്ടം. എന്നാൽ, ഈ നമ്പർപ്ലേറ്റുകൾ പൊട്ടിച്ചെടുത്ത് നമ്പറില്ലാതെ ഓടിക്കുന്നതെന്ന് കണ്ടെത്തിയതോടെ ശക്തമായ പരിശോധനയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കുടുങ്ങിയത് നിരവധിപേരായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലയുള്ള സൂപ്പർ ബൈക്കുകളായിരുന്നു ഇവരിൽ പലരും ഉപയോഗിച്ചിരുന്നത്.
ഉദ്യോഗസ്ഥരുടെയും നിരീക്ഷണ കാമറകളുടെയും കണ്ണിൽപെടാതിരിക്കാൻ നമ്പർപ്ലേറ്റുകൾ ഉള്ളിലേക്ക് ചരിച്ചു മടക്കിവെക്കുന്നതും പതിവാണ്. ഇവർക്കെതിരെയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.
കാക്കനാട്: കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയിൽ ഇരു നമ്പർപ്ലേറ്റും ഇല്ലാത്ത നിർത്താതെപോയ ബൈക്ക് ഇൻസ്റ്റഗ്രാം വഴി കണ്ടെത്തി. നമ്പർപ്ലേറ്റുകൾ ഇല്ലായിരുന്നെങ്കിലും കാമറയിൽ പതിഞ്ഞ ബൈക്കിനെ ചിത്രത്തിൽ ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം ഐഡി കേന്ദ്രീകരിച്ചാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. ഇതിലൂടെ ആളെ കണ്ടെത്തി വാഹനം കോടതിക്ക് കൈമാറാനാണ് അധികൃതരുടെ തീരുമാനം.
ഫോർട്ട്കൊച്ചി: അമിതവേഗത്തിൽ നാട്ടുകാർക്കിടയിൽ ഭീതിപരത്തി ചീറിപ്പായുന്ന ബൈക്കുകൾ ഫോർട്ട്കൊച്ചി മേഖലയിൽ വ്യാപകം. പിറകുവശത്ത് നമ്പർ പ്ലേറ്റ് പോലും ഇല്ലാതെയാണ് ചെത്ത് യുവാക്കൾ വിലസുന്നത്. വേണ്ടത്ര രേഖകൾ ഇല്ലാതെ പൊലീസ് പരിശോധനക്കിടയിൽ കബളിപ്പിച്ച് പോകുമ്പോൾ പിറകിലെ നമ്പർ രേഖപ്പെടുത്തി ഉടമയെ കണ്ടെത്താതിരിക്കാനാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചി പൊലീസ് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ രണ്ട് മോട്ടോർ ബൈക്കുകൾ പിടികൂടി. കമാലക്കടവിൽ പൊലീസ് പരിശോധനക്കിടെ അമിതവേഗതയിൽ പോയ വാഹനങ്ങൾ കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.